ആലപ്പുഴ: നിയമം ലംഘിച്ച്  മത്സ്യബന്ധനം നടത്തിയ ബോട്ട് പിടികൂടി.  അർത്തുങ്കൽ ഭാഗത്ത് നിന്നാണ് ഫിഷറീസ് വകുപ്പ് ബോട്ട് പിടിച്ചെടുത്തത്. ദൂരപരിധി ലംഘിച്ച് കരവലി, മത്സ്യബന്ധനം നടത്തിയതിനാണ് പീറ്റർ എമേഴ്‌സണിന്റെ ഉടമസ്ഥതയിലുള്ള എറണാകുളം രജിസ്‌ട്രേഷനോടുകൂടിയ യാസീൻ എന്ന ബോട്ട് ഫിഷറീസ് വകുപ്പ് പിടികൂടിയത്. 

കഴിഞ്ഞ രണ്ട് ദിവസമായി ബോട്ടുകൾ കരയോട് ചേർന്ന് അനധിക്യതമായി മത്സ്യബന്ധനം നടത്തുന്നുണ്ടെന്ന വ്യാപകമായ പരാതിയെ തുടർന്ന് ഫിഷറീസിന്റെ പട്രോൾ ബോട്ട് കായംകുളം മുതൽ അർത്തുങ്കൽ വരെ നടന്നിരുന്നു. എന്നാല്‍ പരിശോധന മണത്തറിഞ്ഞ്  അനധികൃത മത്സ്യബന്ധന ബോട്ടുകൾ പുറംകടലിലേയ്ക്ക് രക്ഷപ്പെട്ടിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം വളരെ ആസൂത്രിതമായി നടന്ന പട്രോളിംഗിലാണ് അർത്തുങ്കൽ ഭാഗത്ത് കരയോട് ചേർന്ന് അനധികൃതമായി മത്സ്യബന്ധനം നടത്തിയിരുന്ന ബോട്ട് കസ്റ്റഡിയിലെടുത്തത്. 

ബോട്ട് പിടിച്ചെടുക്കുന്ന നടപടികൾ പൂർത്തീകരിക്കുന്നതിനായി കായംകുളം അഴീക്കൽ ഹാർബറിലേയ്ക്ക് കൊണ്ടുപോയി. തുടർന്ന് നിയമനടപടികൾക്കായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ആലപ്പുഴയ്ക്ക് കൈമാറുകയും നിയമാനുസ്യതമായ പിഴ ചുമത്തുകയും ചെയ്യും. വരും ദിവസങ്ങളിലും ആലപ്പുഴയുടെ തീരപ്രദേശത്ത് ശക്തമായ പട്രോളിംഗ് നടത്തി അനധികൃതമായ മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് ' ഡെപ്യൂട്ടി ഡയറക്ടർ കെ. സുഹൈർ. പറഞ്ഞു