പല തവണ എക്സൈസ് ഉദ്യോഗസ്ഥരെ വെട്ടിച്ചു കടന്ന് കളഞ്ഞിട്ടുള്ള ഇയാളെ വളരെ ശ്രമകരമായിട്ടാണ് പിടികൂടിയത്.

ആലപ്പുഴ: കായംകുളം - കൃഷ്ണപുരം ഭാഗങ്ങളിൽ എക്സൈസ് നടത്തിയ റെയ്ഡിൽ അനധികൃത വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 12 ലിറ്റർ മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി കണ്ടല്ലൂർ സ്വദേശി അനിൽകുമാർ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കായംകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി ബി വിജയന്‍റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. അനധികൃത മദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു.

പല തവണ എക്സൈസ് ഉദ്യോഗസ്ഥരെ വെട്ടിച്ചു കടന്ന് കളഞ്ഞിട്ടുള്ള ഇയാളെ വളരെ ശ്രമകരമായിട്ടാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പരിശോധന സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ രാഹുൽ കൃഷ്ണൻ, പ്രവീൺ എം, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷൈനി നാരായണൻ എന്നിവർ ഉണ്ടായിരുന്നു. കായംകുളം റേഞ്ച് പരിധിയിലെ ലഹരി ഉപയോഗത്തെയും വില്‍പ്പനയെയും കുറിച്ചുള്ള പരാതികൾ എക്സൈസ് റേഞ്ച് ഓഫീസിന്‍റെ 04792444060,9400069505 എന്നീ നമ്പറുകളിൽ നൽകാവുന്നതാണ്.

അതേസമയം, ഗോവന്‍ ടൂര്‍ കഴിഞ്ഞ് മടങ്ങിയെത്തിയ ടൂറിസ്റ്റ് ബസില്‍ നിന്ന് മദ്യം പിടികൂടിയതായി എക്‌സൈസ് കഴിഞ്ഞ ദിവസം അറിയിച്ചു. സംഭവത്തില്‍ ടിടിസി പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു. ടിടിസി വിദ്യാര്‍ഥികളും അധ്യാപകരും ഗോവയില്‍ ടൂര്‍ പോയി മടങ്ങി വന്ന ബസിന്റെ ലഗേജ് അറയില്‍ നിന്നുമാണ് മദ്യം കണ്ടെത്തിയത്. സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍, ബസ് ഡ്രൈവര്‍, ക്ലീനര്‍, ടൂര്‍ ഓപ്പറേറ്റര്‍ എന്നിവരുടെ ബാഗുകളില്‍ സൂക്ഷിച്ച നിലയില്‍ 50 കുപ്പി (31.85 ലിറ്റര്‍) ഗോവന്‍ മദ്യമാണ് പരിശോധനയില്‍ കണ്ടെത്തിയതെന്ന് എക്‌സൈസ് അറിയിച്ചു.

സംസ്ഥാന എക്‌സൈസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച രഹസ്യ വിവരം എറണാകുളം ഡിവിഷനിലേക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് എറണാകുളം സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. സജീവ് കുമാറിന്റെ നേതൃത്വത്തില്‍ ആയിരുന്നു വാഹന പരിശോധന. കേരള അബ്കാരി നിയമം 58-ാം വകുപ്പ് പ്രകാരം കേരളത്തില്‍ വില്പന അനുമതി ഇല്ലാത്ത മദ്യം സൂക്ഷിക്കുന്നത്, പത്ത് വര്‍ഷം വരെ ശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും ശിക്ഷ കിട്ടാവുന്ന, ജാമ്യം കിട്ടാത്ത കുറ്റകൃത്യമാണെന്ന് എക്‌സൈസ് പറഞ്ഞു. എറണാകുളം സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ജയകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിപിന്‍ പുഷ്പാംഗതന്‍, ഇഷാല്‍ അഹമ്മദ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ രഞ്ജിനി, ഡ്രൈവര്‍ ദീപക് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

രാജ്യത്ത് തന്നെ ആദ്യം, അഭിനന്ദനം കൊണ്ട് പൊതി‌ഞ്ഞ് മന്ത്രി; തെളിയിച്ചത് ചില്ലറ കാര്യമല്ല, 'വലിയ മാതൃക'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്