നിലമ്പൂർ: വ്യാജ ചാരായ വാറ്റ് പരിശോധന ശക്തമാക്കി വനംവകുപ്പ്. രണ്ടിടങ്ങളിൽ നിന്നായി 425 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. വനത്തിനുള്ളിൽ മരത്തിന് മുകളിൽ കെട്ടിയിട്ട നിലയിൽ ഡ്രമ്മുകളിലുണ്ടായിരുന്ന 400 ലിറ്റർ വാഷ് നശിപ്പിച്ചു. അകമ്പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ എച്ച് ബ്ലോക്കിന് സമീപം ഒലിക്കൽ തോടിന്റെ ഭാഗത്താണ് മരത്തിന് മുകളിൽ കെട്ടിയിട്ട നിലയിൽ രണ്ട് ഡ്രമ്മുകളിലായി 400 ലിറ്റർ വാഷ് സൂക്ഷിച്ചിരുന്നത്.

അകമ്പാടം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ചർ ഇൻ ചാർജ് പി എൻ സജീവന്റെ നേതൃത്വത്തിലാണ് ശനിയാഴ്ച്ച ഉച്ചക്ക് രണ്ട് മണിയോടെ പരിശോധന നടത്തിയത്. വനപാലകർ മരത്തിൽ കയറി വാഷ് കലക്കിയിട്ടിരുന്ന ഡ്രമ്മുകൾ താഴെയിറക്കുകയായിരുന്നു. വാറ്റാനായി വലിയ അലുമിനിയകലവും ചെരിവുമെല്ലാം മരത്തിന് മുകളിലായിട്ടാണ് സൂക്ഷിച്ചിരുന്നത്.

വാറ്റുന്നതിനുള്ള ഉപകരണങ്ങളും കണ്ടെടുത്തു. കഴിഞ്ഞ ഏതാനം ദിവസങ്ങളിലായി നാല് ഇടങ്ങളിൽ നിന്നായി 650 ലിറ്ററോളം വാറ്റും പിടിച്ചെടുത്തിട്ടുണ്ട്. ശനിയാഴ്ച്ച ഉച്ചയോടെ ചാലിയാർ പഞ്ചായത്തിലെ മേലെ തോട്ടപ്പള്ളിയിൽ നടത്തിയ പരിശോധനയിൽ ആൾ താമസമില്ലാത്ത പറമ്പിൽ നിന്നും 25 ലിറ്റർ വാഷും പിടിച്ചെടുത്തു.