ജില്ലാ ഭരണകൂടത്തിന്‍റെ അറിവോടെയാണ് മണ്ണെടുപ്പെന്നാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ വിശദീകരണം

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ അനധികൃത മണ്ണെടുപ്പ് വ്യാപകം. ഇതിനെതിരെ പ്രതികരിച്ചതിന് സിപിഎം നേതാവിന്‍റെ നേതൃത്വത്തിലുള്ള സംഘം ഭീഷണിപ്പെടുത്തുകയും വീടിനു കല്ലെറിയുകയും ചെയ്തതായി സിപിഐ നേതാവ് പരാതി നൽകി. മുളക്കുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ ജെ തോമസാണ് എറണാകുളം റേഞ്ച് ഐജിയ്ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയത്.

ചെങ്ങന്നൂര്‍ മുളക്കുഴ പഞ്ചായത്തിലാണ് അനധികൃത മണ്ണെടുപ്പ് നടക്കുന്നത്. പഞ്ചായത്തിന്‍റെയോ ജിയോളജി വിഭാഗത്തിന്‍റെയോ അനുമതിയില്ലാതെയാണ് മണൽക്കടത്ത് നടക്കുന്നത്. പതിനെട്ടാം വാര്‍ഡിൽ നിന്ന് സ്റ്റേഡിയ നിര്‍മ്മാണ സ്ഥലത്തേക്കാണ് മണ്ണ് കടത്തുന്നത്. ഇതിനെതിരെ എഐവൈഎഫ് ആര്‍ഡിഒയ്ക്ക് പരാതി നൽകി. ഇതിന് പിന്നാലെയാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജി വിവേക് ഫോണിൽ വിളിച്ചു വധഭീഷണി മുഴക്കിയതെന്നാണ് സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി തോമസിന്‍റെ പരാതി. വീട് വളഞ്ഞു കതക് ചവിട്ടിപ്പൊളിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്.

പിടികൂടിയവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെന്ന് എസ്ഐ എസ് വി ബിജു പറഞ്ഞു. ചെങ്ങന്നൂർ സ്റ്റേഡിയം നിർമാണത്തിന്‍റെ ഭാഗമായി അടിയന്തരാവശ്യത്തിന് ജില്ലാ ഭരണകൂടത്തിന്‍റെ അറിവോടെയാണ് മണ്ണെടുപ്പെന്നാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ വിശദീകരണം. ഗൂഢലക്ഷ്യത്തോടെയുള്ള നീക്കത്തിൽ നിന്ന് പിൻമാറണമെന്ന് താക്കീത് ചെയ്യുകയാണുണ്ടായതെന്നും ജി വിവേക് വ്യക്തമാക്കി.