Asianet News MalayalamAsianet News Malayalam

സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍പ്പറത്തി പീച്ചിഡാമിന് സമീപത്തെ മുളയം കുന്നില്‍ മണ്ണെടുപ്പ്; ഉദ്യോഗസ്ഥരുടെ ഒത്താശ

 പീച്ചിഡാമിന്റെ വൃഷ്ടിപ്രദേശമുള്‍പ്പെടുന്ന മുളയം കുന്ന് ആണ് ഇടിച്ചു നിരത്തി കോര്‍പ്പറേഷന്‍ അസിസ്റ്റന്‍റ് എന്‍ജിനിയറുടെ സമ്മതത്തോടെയും, ഖനന ഭൂഗര്‍ഭ വിഭാഗത്തിന്റെ അനുമതിയോടെയും മണ്ണ് കടത്തിയത്. 

illegal soil mining near peechi dam
Author
Thrissur, First Published Jan 23, 2019, 8:08 PM IST

തൃശൂര്‍: മലയും കുന്നും ഇടിച്ച് നിരത്തരുതെന്ന സര്‍ക്കാര്‍ ഉത്തരവിനെ കാറ്റില്‍ പറത്തി വകുപ്പുകളുടെ അനുമതിയോടെ മുളയം കുന്നിടിച്ച് മണ്ണ് കടത്തുന്നു. പീച്ചിഡാമിന്റെ വൃഷ്ടിപ്രദേശമുള്‍പ്പെടുന്ന മുളയം കുന്ന് ആണ് ഇടിച്ചു നിരത്തി കോര്‍പ്പറേഷന്‍ അസിസ്റ്റന്‍റ് എന്‍ജിനിയറുടെ സമ്മതത്തോടെയും, ഖനന ഭൂഗര്‍ഭ വിഭാഗത്തിന്റെ അനുമതിയോടെയും മണ്ണ് കടത്തിയത്. കഴിഞ്ഞ ദിവസം മണ്ണെടുത്ത് കടത്താനായി 14 ടോറസ് വാഹനങ്ങള്‍ എത്തിയത് കണ്ട് നാട്ടുകാരെത്തി അന്വേഷിച്ചതിലാണ് വിവരങ്ങളറിഞ്ഞത്. 

നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മണ്ണെടുപ്പ് നിറുത്തിവെച്ചു. ഒല്ലൂക്കര മുളയം മുല്ലക്കര റോഡിലെ മുളയംകുന്നില്‍ 20 സെന്റില്‍ നിന്നും 847 ക്യൂബിക് മീറ്റര്‍ മണ്ണെടുക്കുന്നതിനാണ് ജിയോളജി വകുപ്പ് അനുമതി നല്‍കിയത്. വീട് നിര്‍മ്മാണത്തിനെന്ന പേരിലാണ് അനുമതി വാങ്ങിയിരിക്കുന്നത്. സമീപത്ത് വീടുകളെ ബാധിച്ചേക്കാവുന്ന വിധത്തില്‍ മണ്ണെടുപ്പ് എത്തിയപ്പോഴാണ് വിഷയത്തിന്റെ ഗൗരവം അറിഞ്ഞത്.     വിവരങ്ങളറിഞ്ഞ് നാട്ടുകാര്‍ സംഘടിച്ച് ജിയോളജി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോള്‍, കോര്‍പ്പറേഷന്‍ അസി.സെക്രട്ടറിയാണ് സമ്മതം നല്‍കിയിരിക്കുന്നതെന്നും കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിനാണ് തങ്ങള്‍ അനുമതി നല്‍കിയിരിക്കുന്നതെന്നും പറഞ്ഞൊഴിഞ്ഞു. 

ഇക്കഴിഞ്ഞ 11നാണ് അനുമതി നല്‍കിയിരിക്കുന്നത്. 25നുള്ളില്‍ മണ്ണ് നീക്കം ചെയ്യണമെന്നും അനുമതി ഉത്തരവിലുണ്ട്. വീട് നിര്‍മ്മാണത്തിന് മണ്ണ് നീക്കുന്നതെന്ന ധാരണയില്‍ നാട്ടുകാര്‍ ഇത് അവഗണിച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച പ്രദേശത്തെത്തിയ നേര്‍ക്കാഴ്ച മനുഷ്യാവകാശ സംരക്ഷണ സമിതി സെക്രട്ടറി പി.ബി.സതീഷടങ്ങുന്ന പ്രവര്‍ത്തകരാണ് വന്‍തോതില്‍ കുന്നിടിച്ചുള്ള മണ്ണെടുപ്പ് കണ്ടത്. ഉടന്‍ തന്നെ നാട്ടുകാരുമായി സംഘടിക്കുകയായിരുന്നു. 

നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ മണ്ണെടുപ്പ് താല്‍ക്കാലികമായി നിറുത്തിവെച്ചു. പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശവും അതി സുരക്ഷാ മേഖലയുമാണ് മുളയം കുന്നുള്‍പ്പെടുന്ന പ്രദേശം. മണ്ണെടുക്കാന്‍ അനുമതി നല്‍കിയ ഖനന ഭൂഗര്‍ഭ വിഭാഗത്തിനും കോര്‍പ്പറേഷനുമെതിരെ നിയമനടപടിക്കാണ് നാട്ടുകാരുടെ തീരുമാനം. കഴിഞ്ഞ ദിവസം മുളയത്തെ തന്നെ എം.ആര്‍.സി മലയിടിച്ച് മണ്ണ് കടത്തിയ സംഘത്തെയും നാട്ടുകാര്‍ തടഞ്ഞുവച്ച സംഭവം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

Follow Us:
Download App:
  • android
  • ios