പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യം വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിച്ച് അപകടകരമായ രീതിയിലാണ് ഇവിടെ സംഭരിച്ചിരുന്നത്

കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ അപകടകരമായ രീതിയില്‍ സംഭരിച്ച അനധികൃത ഗോഡൗണ്‍ അധികൃതര്‍ പൂട്ടി സീല്‍ ചെയ്തു. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ നിയമപരമായ അനുമതികള്‍ ഒന്നുമില്ലാതെ ഫറോക്ക് ചുങ്കത്ത് പ്രവര്‍ത്തിച്ചുവന്ന സ്വകാര്യ ഗോഡൗണാണ് ഫറോക്ക് നഗരസഭാ ആരോഗ്യവിഭാഗം എത്തി പൂട്ടിച്ചത്.

പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യം വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിച്ച് അപകടകരമായ രീതിയിലാണ് ഇവിടെ സംഭരിച്ചിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അധികൃതര്‍ നടപടിയെടുത്തത്. ഇവിടേക്ക് മാലിന്യങ്ങള്‍ എത്തിച്ചിരുന്ന ഒരു വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം സമാന രീതിയില്‍ മാലിന്യം സംഭരിച്ചിരുന്ന കേന്ദ്രത്തില്‍ വന്‍ തീപ്പിടുത്തം ഉണ്ടായിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണക്കാനായത്. ഇതില്‍ കുടുങ്ങിപ്പോയ ഒരു പെരുമ്പാമ്പും ആമയും ചത്തിരുന്നു. 

നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ കെ.വി അഷ്‌റഫ്, പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ. ഷിഹാബ്, സി. സുബില്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് നടപടി സ്വീകരിച്ചത്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കുമെന്ന് നഗരസഭ ക്ലീന്‍സിറ്റി മാനേജര്‍ ഇ.കെ രാജീവ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം