കുന്നിനുമുകളിലെ എസ്റ്റേറ്റിൽ സ്വകാര്യ വ്യക്തി അനധികൃമായി നിർമിച്ച കൂറ്റൻ ജലസംഭരണി നാട്ടുകാർക്ക് ഭീഷണിയാവുന്നു
മലപ്പുറം കരുവാരക്കുണ്ടിലെ പരിസ്ഥിതിലോല പ്രദേശത്താണ് കുന്നിന് മുകളിൽ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് വലിയ കുഴികളുണ്ടാക്കിയത്.
മലപ്പുറം: കരുവാരകുണ്ടിൽ കുന്നിനുമുകളിലുള്ള എസ്റ്റേറ്റില്‍ സ്വകാര്യ വ്യക്തി അനധികൃമായി നിര്‍മ്മിച്ച കൂറ്റൻ ജലസംഭരണി നാട്ടുകാര്‍ക്ക് ഭീഷണിയാവുന്നു. കൃഷി ആവശ്യത്തിനെന്ന പേരിലാണ് മണ്ണെടുത്ത് വലിയ കുഴികള്‍ നിർമിച്ചിരിക്കുന്നത്. മണ്ണെടുത്ത് നിര്‍മ്മിച്ച കുഴി മണ്ണിടിച്ചിലിനും ആളപായത്തിനും കൃഷിനാശത്തിനും കാരണമാകാൻ സാധ്യതയുണ്ടെന്നാണ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകിയത്.
പരിസ്ഥിതിലോല പ്രദേശമായ ഇവിടെ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഭീമൻ കുഴികളെടുത്തിട്ടുള്ളത്. ആറ് മീറ്റര്‍ ആഴത്തിലും 22 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമാണ് ഈ കുഴികള്‍. വാഴ കൃഷി നനയ്ക്കാനെന്ന പേരില്‍ മണ്ണെടുത്ത് കുഴികളുണ്ടാക്കാൻ തുടങ്ങിയപ്പോള്‍തന്നെ ഇതിന്റെ അപകട ഭീഷണി നാട്ടുകാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ അത് പരിഗണിക്കാതെയായിരുന്നു കുഴിയെടുപ്പ്. സമുദ്ര നിരപ്പില്‍ നിന്നും 537 മീറ്റര്‍ ഉയരത്തിലുള്ള സ്ഥലമാണ് ഇത്. 33 മുതല്‍ 35 ഡിഗ്രി വരെ ചരിവുമുള്ള പ്രദേശവുമാണ്. കൂമ്പൻപാറയുടെ സമീപത്താണ് ഈ അനധികൃത ജല സംഭരണി.
വയനാട് ദുരന്തത്തിന് പിന്നാലെ നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദർശിച്ചു റിപ്പോർട്ട് നൽകി. മണ്ണെടുത്ത് നിര്‍മ്മിച്ച കുഴി മണ്ണിടിച്ചിലിനും ആളപായത്തിനും കൃഷിനാശത്തിനും കാരണമാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുഴികൾ മണ്ണിട്ടു മൂടാനും പൂർവസ്ഥിതിയിൽ ആക്കാനും ജില്ലാ കലക്ടര്‍ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ പാലിച്ചിട്ടില്ല. എന്നാൽ കുഴി മൂടാനുള്ള നടപടി തുടങ്ങിയിട്ടുണ്ടെന്നും ഉടൻ പൂർത്തിയാക്കുമെന്നും സ്ഥലം ഉടമ അറിയിച്ചു. നേരത്തെ ഉരുള്‍പെട്ടലുണ്ടായ പ്രദേശമാണ് കരുവാരകുണ്ട്. കഴിഞ്ഞ ദിവസം മലവെള്ളപാച്ചിലില്‍ ഇവിടുത്തെ പുഴകള്‍ കരകവിഞ്ഞൊഴികുകയും ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം