താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം: രണ്ട് ദിവസമായി പെയ്യുന്ന വേനൽ മഴയിൽ വെള്ളക്കെട്ടായി തല്ഥാന നഗരം. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുംസാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രധാന റോഡുകളിലെ വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാൽ നഗരത്തിൽ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ശക്തമായ കാറ്റ് വീശുന്നതിനാൽ മരങ്ങൾ കടപുഴകി അപകടമുണ്ടാകാനും വൈദ്യുതി തടസവും ഉണ്ടാകാനും സാധ്യയയുണ്ട്. അതിനാൽ പൊതുജനം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ മലയോര പ്രദേശത്തുള്ളവർ അതീവ ജാഗ്രത പാലിക്കണം. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം കനത്ത മഴയിൽ നഗരത്തിലെ പല പ്രദേശങ്ങളും വെള്ളക്കെട്ടിൽ ആയതോടെ തലസ്ഥാനത്തെ മഴക്കെടുതിക്ക് പരിഹാര നടപടികളുമായി കോര്‍പറേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി ഓടകള്‍ വൃത്തിയാക്കി ചെളി വാരുന്ന പ്രവൃത്തികള്‍ക്ക് കഴിഞ്ഞ ദിവസം തുടക്കമായി. മഴക്കെടുതിയിൽ ദുരിതം ഏറെ അനുഭവിക്കുന്ന മേഖലയ്ക്കാണ് മുൻഗണന നൽകുന്നത്. ഇന്നലെ പെയ്ത മഴയില്‍ വെള്ളത്തിനടിയിലായ അട്ടക്കുളങ്ങര, ചാല റോഡുകളിലായിരുന്നു ആദ്യം ശുചീകരണം. മറ്റു റോഡുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുകയാണ്. നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. ബുധനാഴ്ച തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യതൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകരുതെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്.
Read More : ഓപ്പറേഷൻ അനന്ത, സക്ഷന്‍ കം ജെറ്റിങ് മെഷീൻ; ഒറ്റമഴയിൽ വെള്ളത്തിലായ തലസ്ഥാനത്ത് പരിഹാര നടപടികളുമായി കോർപറേഷൻ
