ആലപ്പുഴ: പുന്നമടയിൽ പൊലീസുകാരനെയും കുടുംബത്തെയും ആറംഗസംഘം വീടുകയറി ആക്രമിച്ച സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി. സംഭവത്തിൽ ഉൾപ്പെട്ട ആറു പേരെയും  തിരിച്ചറിഞ്ഞു. ആലപ്പുഴ എആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥൻ ബ്രില്യന്റ് വർഗീസിനും (28) കുടുംബത്തിനും ചൊവ്വാഴ്ച രാത്രിയാണ് മർദനമേറ്റത്. 

ഇദ്ദേഹം ഗൗരിയമ്മയുടെ ഗൺമാനാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ആര്യാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ പഞ്ചായത്ത് പാലത്തിനുസമീപത്തെ വീട്ടിൽ ബ്രില്യന്റ് വർഗീസിന്റെ പിതാവ് വീടിനോടുചേർന്ന് കട നടത്തുന്നുണ്ട്. രാത്രി കടയടച്ച് കുടുംബവുമായി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ഗേറ്റിനുപുറത്ത് വലിയ ശബ്ദംകേട്ട് അച്ഛൻ തങ്കച്ചൻ മാത്യു (63) ആണ് ആദ്യം പുറത്തുചെന്നത്. 

മദ്യലഹരിയിലായിരുന്ന ആറുപേരടങ്ങുന്ന സംഘം വെള്ളവും മിക്സ്ചറും ആവശ്യപ്പെട്ടു.കോവിഡ് പ്രോട്ടോകോൾ പ്രകാരം കടയടയ്ക്കേണ്ട സമയം കഴിഞ്ഞെന്നും തരാൻ പറ്റില്ലെന്നും അറിയിച്ചു. ഇതിൽ പ്രകോപിതരായ ഇവർ തങ്കച്ചനുമായി വാക്കേറ്റം ഉണ്ടാകുകയും മർദിക്കുകയും ചെയ്തു. ഇതുകണ്ടെത്തിയ സഹോദരൻ റിറ്റിന്റിനെയും (25) പിന്നാലെയെത്തിയ ബ്രില്യന്റിനെയും മർദിച്ചു. 

വീടിനുള്ളിൽ പ്രവേശിച്ച് അമ്മ ആൻസമ്മയെയും (52) അടിച്ചു. വേലികെട്ടിയിരുന്ന കമ്പ് ഊരിയായിരുന്നു ആക്രമണം. ബ്രില്യന്റിന്റെ കൈക്കും കാലിനും ചതവുണ്ട്. എല്ലാവരും ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. 

സംഭവത്തിൽ ബ്രില്ല്യന്റ് വർഗ്ഗീസും  അമ്മ ആൻസമ്മയും ആശുപത്രിയിൽ അഡ്മിറ്റാണ്. ഇവർക്ക് സാരമായുള്ള പരിക്കുകളാണുള്ളത്. പ്രതികളുടേതെന്ന് സംശയിക്കുന്ന രണ്ട് ബൈക്കുകൾ സംഭവ സ്ഥലത്തു നിന്ന്  പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.