ആചാരത്തിന്‍റെ ഭാഗമായി കുമ്മാട്ടി നടത്തുമെന്നും അതില്‍ നിന്നു ലഭിക്കുന്ന വരുമാനം വയനാട് ദുരിതമനുഭിക്കുന്നവര്‍ക്ക് നല്‍കുമെന്നും ഇന്നലെ കുമ്മാട്ടി സംഘങ്ങളും അറിയിച്ചിരുന്നു

തൃശൂര്‍:പുലിക്കളിയും കുമ്മാട്ടിയും റദ്ദാക്കിയ നടപടിയില്‍ സംഘങ്ങളെ വിളിച്ചുകൂട്ടി ചര്‍ച്ചയ്ക്ക് കോര്‍പ്പറേഷന്‍ തയാറാകണമെന്നാവശ്യപ്പെട്ട് പുലിക്കളി സംഘങ്ങളുടെ സംയുക്ത കൂട്ടായമ തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസിന് നിവേദനം നല്‍കി. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഓണാഘോഷത്തിന്‍റെ ഭാഗമായ പുലിക്കളിയും കുമ്മാട്ടിക്കളിയും വേണ്ടെന്നാണ് കോര്‍പ്പറേഷൻ പ്രഖ്യാപിച്ചത്. മുന്നൊരുക്കങ്ങള്‍ക്കായി ലക്ഷക്കണക്കിന് രൂപ ഓരോ സംഘങ്ങളും ചെലവാക്കിയിട്ടുണ്ടെന്നും കോര്‍പ്പറേഷന്‍റേത് കൂടിയാലോചന ഇല്ലാത്ത നടപടി ആയിരുന്നെന്നുമാണ് സംഘങ്ങളുടെ നിലപാട്.

ആചാരത്തിന്‍റെ ഭാഗമായി കുമ്മാട്ടി നടത്തുമെന്നും അതില്‍ നിന്നു ലഭിക്കുന്ന വരുമാനം വയനാട് ദുരിതമനുഭിക്കുന്നവര്‍ക്ക് നല്‍കുമെന്നും ഇന്നലെ കുമ്മാട്ടി സംഘങ്ങളും അറിയിച്ചിരുന്നു. സംഘങ്ങളുടെ ആവശ്യങ്ങളോട് കോര്‍പ്പറേഷന്‍ പ്രതികരിച്ചിട്ടില്ല. നാലോണ നാളിലായിരുന്നു പുലിക്കളി. ഉത്രാടം മുതല്‍ മുന്നുദിവസമാണ് ദേശങ്ങളില്‍ കുമ്മാട്ടി ഇറങ്ങുന്നത്. കോര്‍പ്പറേഷന്‍റെ തീരുമാനം ഏകപക്ഷീയമാണെന്ന് കുമ്മാട്ടി സംഘാടക സമിതി നേരത്തെ വിമര്‍ശിച്ചിരുന്നു.

ഇക്കുറി 11 സംഘങ്ങളാണ് പുലിക്കളിക്ക് തയാറെടുപ്പുകള്‍ നടത്തിയിരുന്നത്. അടുത്ത മാസം പതിനാറ്, പതിനേഴ് തീയതികളിലാണ് വിവിധ ദേശങ്ങളിൽ കുമ്മാട്ടി ഇറങ്ങേണ്ടത്. ടൂറിസം വകുപ്പിന്‍റെ സഹകരണത്തോടെ കോര്‍പ്പറേഷനാണ് പുലിക്കളിയുടെ മുഖ്യ നടത്തിപ്പുകാര്‍. ഇരുനൂറു കൊല്ലത്തിലേറെ പഴക്കമുള്ള തൃശൂരിന്‍റെ തനത് കലാരൂപമാണ് പുലിക്കളി. ഇതിനുമുമ്പ് 2018 ലെ പ്രളയ കാലത്തും 2020ല്‍ കോവിഡ് കാലത്തുമാണ് പുലിക്കളി ഒഴിവാക്കിയത്.

ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ച് പ്രധാനമന്ത്രി; ദുരിതാശ്വാസ ക്യാമ്പിൽ സന്ദര്‍ശനം, സ്വകാര്യ ആശുപത്രിയിലുമെത്തി

Asianet News Livethon | Wayanad Landslide | Malayalam News LIVE| Asianet News |ഏഷ്യാനെറ്റ് ന്യൂസ്