Asianet News MalayalamAsianet News Malayalam

കുട്ടനാട്ടിൽ സിപിഎമ്മിൽ പ്രതിസന്ധി; പാര്‍ട്ടിയില്‍ നിന്നും രാജിവയ്ക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയെന്ന്

തലവടി, മുട്ടാർ തുടങ്ങിയ ഇടങ്ങളിലും പ്രവർത്തകർ നേരത്തേ രാജിവെച്ചിരുന്നു. തർക്കത്തെ തുടർന്ന് രാമങ്കരി പഞ്ചായത്ത് ഭരണ സമിതിയും രാമങ്കരി ലോക്കൽ കമ്മിറ്റിയും രണ്ട് തട്ടിലാണിപ്പോൾ.

Increase in the number of people resigning from CPM in Kuttanad
Author
First Published Jan 12, 2023, 3:46 PM IST


ആലപ്പുഴ: സംഘടനാ തെരഞ്ഞെടുപ്പ് മുതൽ വിഭാഗീയത രൂക്ഷമായ കുട്ടനാട്ടിൽ സി പി എമ്മിൽ കൂട്ടരാജി തുടരുന്നു. ലോക്കൽ കമ്മിറ്റികളും കുട്ടനാട് ഏരിയ കമ്മിറ്റിയും തമ്മിലുള്ള ഭിന്നതയെത്തുടർന്ന് പുളിങ്കുന്ന് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ 75 പ്രവർത്തകർ ഒന്നിച്ച് നേതൃത്വത്തിന് രാജിക്കത്ത് കൈമാറി. 11 എൽസി അംഗങ്ങളുള്ളതിൽ സെക്രട്ടറിയുൾപ്പെടെ 10 പേരും ഏരിയ കമ്മിറ്റി അംഗവും ഇതിനകം പാർട്ടി വിട്ടു. 232 പേർ നേരത്തേ രാജിവെച്ചിരുന്നു. 

തലവടി, മുട്ടാർ തുടങ്ങിയ ഇടങ്ങളിലും പ്രവർത്തകർ നേരത്തേ രാജിവെച്ചിരുന്നു. തർക്കത്തെ തുടർന്ന് രാമങ്കരി പഞ്ചായത്ത് ഭരണ സമിതിയും രാമങ്കരി ലോക്കൽ കമ്മിറ്റിയും രണ്ട് തട്ടിലാണിപ്പോൾ. ഒരു മാസത്തിനിടെ മാത്രം കുട്ടനാട്ടിൽ നിന്ന് 307 പേരാണ് പാർട്ടി വിട്ടത്. കാവാലം ലോക്കൽ കമ്മിറ്റിയിൽ നിന്ന് 50 പേർ നേരത്തേ രാജിക്കത്ത് നൽകിയിരുന്നു. വെളിയനാട്ടിൽ ഡിവൈഎഫ്ഐ മുൻ സംസ്ഥാന സമിതി അംഗം ഉൾപ്പെടെ 30 പേരാണ് രാജിക്കത്ത് നൽകിയത്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് സംസ്ഥാന നേതൃത്വം ജില്ല കമ്മിറ്റിക്ക് നിർദേശം നൽകിയെന്നാണ് വിവരം. 

ഇതിന്‍റെ അടിസ്ഥാനത്തിൽ മന്ത്രി സജി ചെറിയാന്‍റെ സാന്നിധ്യത്തിൽ ഇന്ന് കുട്ടനാട്ടിൽ അടിയന്തര ഏരിയ കമ്മിറ്റി യോഗം ചേരും. കഴിഞ്ഞ സമ്മേളന കാലത്താണ് കുട്ടനാട്ടിലെ സിപിഎമ്മിൽ വിഭാഗീയത രൂക്ഷമായത്. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി പമ്പ് സൈറ്റ് നൽകിയപ്പോൾ പാർട്ടിയിലെ ഒരു വിഭാഗം കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉയർന്നിരുന്നു. സിഡിഎസ് അധ്യക്ഷ തെരഞ്ഞെടുപ്പ്, കുമരങ്കരി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അഞ്ചാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തിയത് തുടങ്ങി നിരവധി വിഷയങ്ങളിൽ ഏരിയ കമ്മിറ്റി പാർട്ടി വിരുദ്ധമായി ഇടപെട്ടതായി ഒരു കൂട്ടർ ആരോപിക്കുന്നു. 

രാമങ്കരി -46, വെളിയനാട് -27, തകഴി -19, തലവടി -40, മുട്ടാർ -40, കാവാലം -60 എന്നിങ്ങനെയാണ് പാർട്ടിവിടുകയാണെന്ന് പറഞ്ഞ് കത്ത് നൽകിയവരുടെ എണ്ണം. രാജിഭീഷണി മുഴക്കിയവരിൽ ഏരിയ കമ്മിറ്റി അംഗങ്ങളും ലോക്കൽ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടുന്നു. പാർട്ടി സമ്മേളനത്തിന് ശേഷം കുട്ടനാട്, തകഴി ഏരിയ നേതൃത്വങ്ങളും വിവിധ ലോക്കൽ കമ്മിറ്റി നേതൃത്വങ്ങളും ഏകാധിപത്യപരമായി പെരുമാറുന്നതാണ് രാജിക്ക് കാരണമെന്നാണ് ഇവർ പറയുന്നത്.

കൂടുതല്‍ വായനയ്ക്ക്: കുട്ടനാട് ഏരിയാ കമ്മിറ്റിക്ക് പുറകെ വെളിയനാട്ടും സിപിഎം പ്രവർത്തകർ പാര്‍ട്ടി വിടുന്നു
 

Follow Us:
Download App:
  • android
  • ios