വന്യമൃഗങ്ങളില്‍ നിന്ന് ജനങ്ങളുടെ ജീവനും  സ്വത്തിനും  സംരക്ഷണം ഒരുക്കുന്നതിനോടൊപ്പം ഭീതി അകറ്റുന്നതിനുളള ശ്വാശത നടപടികളുണ്ടാകണമെന്നും ജനപ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. 


കല്‍പ്പറ്റ: മുന്‍വര്‍ഷങ്ങളിലൊന്നുമില്ലാത്ത വിധം വയനാടന്‍ കാടുകളില്‍ നിന്ന് മൃഗങ്ങള്‍ ജനവാസ മേഖലകളിലേക്കെത്താന്‍ തുടങ്ങിയതോടെ വനത്തില്‍ കടുവയും ആനയും അടക്കമുള്ള മൃഗങ്ങള്‍ പെരുകിയെന്ന വാദമുഖങ്ങളാണ് ജനപ്രതിനിധികളും നാട്ടുകാരും നിരത്തുന്നത്. കര്‍ഷകനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച ചേര്‍ന്ന സര്‍വ്വ കക്ഷിയോഗത്തിലും ജനപ്രതിനിധികള്‍ ഈ അഭിപ്രായം പങ്കുവെച്ചു. ഇതിന് മറുപടിയായിട്ടാണ് വയനാട്ടിലെ വന്യജീവി പെരുപ്പെത്തെ കുറിച്ചും ഇവ ജനവാസമേഖലകളിലേക്ക് എത്തുന്നതിനെ കുറിച്ചും സമഗ്രമായി പഠിക്കാന്‍ കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആര്‍.ഐ)നെ ചുമതലപ്പെടുത്തിയിട്ടുള്ള കാര്യം മന്ത്രി അറിയിച്ചത്.

കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളിലായി വന്യജീവി ആക്രമണം വര്‍ദ്ധിച്ചിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. വംശ വര്‍ദ്ധനവ്, ആവാസ വ്യവസ്ഥയിലെ മാറ്റം, കാടിനകത്തെ ഭക്ഷണ ലഭ്യതയിലുണ്ടായ കുറവ് തുടങ്ങിയ വിഷയങ്ങള്‍ മൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതിന് കാരണമാകുന്നുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിഷയം ശാസ്ത്രീയമായി പഠിക്കാന്‍ കെ.എഫ്.ആര്‍.ഐയെ ചുമതപ്പെടുത്തിയിട്ടുള്ളത്. വന്യമൃഗങ്ങളില്‍ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കുന്നതിനോടൊപ്പം ഭീതി അകറ്റുന്നതിനുളള ശ്വാശത നടപടികളുണ്ടാകണമെന്നും ജനപ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. 

ഏതെങ്കിലും പ്രദേശത്ത് വന്യജീവികളുടെ ആക്രമണം ഉണ്ടാകുന്ന മുറക്ക് അവയെ പിടികൂടുന്നതിനുളള നടപടികള്‍ വേഗത്തിലാക്കണം. കൂടുകള്‍ സ്ഥാപിക്കുന്നതിന് അടക്കമുളള നടപടിക്രമങ്ങകള്‍ക്ക് അടിയന്തര പ്രാധാന്യത്തോടെ അനുമതി ലഭ്യമാക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. വന്യജിവികള്‍ നാട്ടിലിറങ്ങുന്നത് മുന്‍കൂട്ടി തടയുന്നതിനുളള പ്രതിരോധ സംവിധാനങ്ങള്‍ കുറ്റമറ്റതാക്കണം. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുളള നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തണം. കൂടുതല്‍ പ്രദേശങ്ങളില്‍ ഫെന്‍സിംഗ് ഉള്‍പ്പെടെയുളള പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കണമെന്നും നഷ്ടപരിഹാര തുക കാലികമായി വര്‍ദ്ധിപ്പിക്കണമെന്നും സര്‍വ്വ കക്ഷിയോഗത്തില്‍ ആവശ്യമുയര്‍ന്നു.

വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്ന് കിടക്കുന്നതാണ് കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വന്യജീവി സങ്കേതങ്ങളുമെന്നതിനാല്‍ മൃഗങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുക പതിവാണ്. 12,000 ച. കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ വന്യജീവി സങ്കേതങ്ങളിലെ കടുവ, ആന ഉള്‍പ്പെടെയുള്ള മൃഗങ്ങളുടെ ശാസ്ത്രീയമായ കണക്കെടുപ്പും ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയാനുള്ള മാര്‍ഗങ്ങളും സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഏകോപനത്തോടു കൂടി മാത്രമെ സാധ്യമാകൂ. ഈ പശ്ചാത്തലത്തില്‍ അയല്‍ സംസ്ഥാനങ്ങളുടെ കൂടി സഹകരണത്തോടെ സമഗ്ര മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കും. മനുഷ്യ- വന്യജീവി സംഘര്‍ഷത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി അടിയന്തരമായും ദീര്‍ഘകാലാടിസ്ഥാനത്തിലും നടപ്പാക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച മാസ്റ്റര്‍ പ്ലാനിന്റെ കരട് ഈ മാസം അവസാനത്തോടെ തയ്യാറാകും. 

രണ്ടു മാസം മുമ്പ് സുല്‍ത്താന്‍ ബത്തേരിയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലെ തീരുമാനമായിരുന്നു ഇത്. കരട് പ്ലാന്‍ ജനപ്രതിനിധികളുമായും വിവധ കക്ഷികളുമായും ചര്‍ച്ച ചെയ്ത ശേഷം അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കും. ഹ്രസ്വ, ദീര്‍ഘകാലങ്ങളില്‍ ഫലപ്രദമാകുന്ന രീതികളിലുളള പദ്ധതികളാണ് കരട് പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പോലും ചില നടപടികള്‍ അടിയന്തരമായി തന്നെ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

സര്‍വ്വ കക്ഷി യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളെയും സംഘടനകളെയും പ്രതിനിധീകരിച്ച് പി. ഗഗാറിന്‍, എന്‍.ഡി അപ്പച്ചന്‍, ഇ.ജെ ബാബു, സി.കെ ശശീന്ദ്രന്‍, കെ.ജെ ദേവസ്യ, കെ.എല്‍ പൗലോസ്, കെ.കെ ഹംസ, കെ.വിശ്വനാഥന്‍, എന്‍. പി. രഞ്ജിത്ത്, സണ്ണി മാത്യൂ, പി.പി. ആലി, ഏച്ചോം ഗോപി, ഷാജി ചെറിയാന്‍, കെ. സജിത്ത് കുമാര്‍, കെ.വി മാത്യൂ, സി.എം ശിവരാമന്‍, എ.ടി സുരേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

വയനാട്,കാസർകോട് മെഡിക്കൽ കോളജ് ആശുപത്രികളിൽ കുറവുകളുണ്ട്, പരിഹരിക്കാൻ ശ്രമംനടക്കുന്നു-മന്ത്രി വീണ ജോർജ്