മെഹന്തി ഡിസൈനിങ്ങിൽ നേട്ടം കൈവരിച്ച് ആലപ്പുഴ മാന്നാർ സ്വദേശിയായ ഫാത്തിമ ഹിസാന. 29.5 അടി നീളമുള്ള മെഹന്തി ഡിസൈൻ സൃഷ്ടിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് 2026 ആണ് ഫാത്തിമ നേടിയത്. മലപ്പുറം സ്വദേശിനിയുടെ റെക്കോർഡ് ആണ് ഫാത്തിമ മറികടന്നത്.
മാന്നാർ: മെഹന്തി ഡിസൈനിങ്ങിൽ 29.5 അടി നീളമുള്ള റെക്കോർഡ് സൃഷ്ടിച്ച് പ്ലസ് ടു വിദ്യാർത്ഥിനി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് 2026 സ്വന്തമാക്കി. മാന്നാർ കുരട്ടിശ്ശേരി വഴിയമ്പലതെക്കേതിൽ എം എ നസീറിന്റെയും ഷാമില മോളുടെയും മകൾ ഫാത്തിമ ഹിസാനയാണ് ഈ അഭിമാനാർഹമായ നേട്ടം കരസ്ഥമാക്കിയത്. മലപ്പുറം സ്വദേശിനിയുടെ പേരിലുണ്ടായിരുന്ന 27 അടി നീളമുള്ള മെഹന്തി ഡിസൈൻ റെക്കോർഡാണ് ഫാത്തിമ ഹിസാന ഇപ്പോൾ മറികടന്നിരിക്കുന്നത്. നിരണം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനിയാണ് ഈ മിടുക്കി.
മൂന്നു വർഷമായി ബ്രൈഡൽ, റിസപ്ഷൻ മെഹന്തി വർക്കുകൾ ചെയ്തുവരുന്ന ഫാത്തിമയ്ക്ക് സമൂഹമാധ്യമങ്ങളിൽ കണ്ട ഒരു വീഡിയോയാണ് പുതിയ നേട്ടത്തിനായുള്ള പ്രചോദനമായത്. കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം മൂന്ന് ദിവസം രാത്രി ഓരോ മണിക്കൂർ വീതം സമയം ചെലവഴിച്ചാണ് ദൗത്യം പൂർത്തിയാക്കിയത്. അറുപതോളം പേപ്പറുകൾ കൂട്ടിയോജിപ്പിച്ച് 29.5 അടി നീളവും 3.5 അടി വീതിയുമുള്ള പ്രതലത്തിൽ പത്ത് മെഹന്തി കോണുകൾ ഉപയോഗിച്ചായിരുന്നു ഈ വിസ്മയ ഡിസൈൻ ഒരുക്കിയത്.
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് അധികൃതർക്ക് മെയിൽ അയച്ചതിനെത്തുടർന്ന്, അവരുടെ നിർദേശപ്രകാരം ജൂൺ മാസത്തിൽ മെഹന്തി ഡിസൈൻ തയ്യാറാക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും അയച്ചുകൊടുത്തിരുന്നു. ജൂലൈ 28നാണ് റെക്കോർഡ് നേട്ടം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
മെഹന്തി തയ്യാറാക്കുന്നതിന്റെ വീഡിയോ പകർത്തിയത് അധ്യാപികയായ സ്മിന്തുവാണ്. സ്കൂൾ പ്രിൻസിപ്പൽ ബെനു ഐപ്പ്, അധ്യാപിക സ്മിന്തു, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരുടെ പൂർണ്ണ പിന്തുണ വിജയത്തിന് പിന്നിലുണ്ടെന്ന് ഫാത്തിമ പറഞ്ഞു. ഫോറൻസിക് വിദഗ്ധയാകാനാണ് ഫാത്തിമയുടെ ആഗ്രഹം. ആറാം ക്ലാസ് വിദ്യാർത്ഥിനി ഐഷ നസീർ, രണ്ടാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ആസിഫ് എന്നിവർ സഹോദരങ്ങളാണ്.


