കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പാളിയതിങ്ങനെ, മഴ വിവര ശേഖരണത്തിൽ മാറ്റങ്ങൾക്കൊരുങ്ങി കേന്ദ്രം
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് തിരുവനന്തപുരത്തും, കൊച്ചിയിലുമുള്ള റഡാർ സ്റ്റേഷനുകളാണ് നിലവിൽ കാലാവസ്ഥ നിരീക്ഷണത്തിനായി കേരളത്തിലുള്ളത്. കൊച്ചി റഡാറിന്റെ പരിധിക്ക് പുറത്താണ് വയനാടും കണ്ണൂരും കാസർകോടും ഉൾപ്പടെയുളള വടക്കൻ കേരളം.
തിരുവനന്തപുരം: വയനാട്ടിൽ അപകടമുണ്ടായ പ്രദേശങ്ങളിൽ മഴയുടെ അളവ് രേഖപ്പെടുത്തുന്നതിലും മഴ സാധ്യത പ്രവചിക്കുന്നതിലും ഉണ്ടായ പോരായ്മകളാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പാളിയതിന് കാരണം. വടക്കൻ കേരളത്തിലെ കാലാവസ്ഥ നിരീക്ഷണത്തിനായി റഡാർ വേണമെന്ന ആവശ്യം പോലും ഇപ്പോഴും പാതിവഴിയിലാണ്. മുണ്ടക്കൈ ദുരന്തത്തിന് പിന്നാലെ മഴവിവര ശേഖരണത്തിൽ മാറ്റങ്ങൾക്കൊരുങ്ങുകയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
മറ്റ് സ്ഥാപനങ്ങളുടെ മഴ മാപിനികളിൽ നിന്നുള്ള വിവരങ്ങളും ഇനി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ശേഖരിക്കും. മുണ്ടക്കൈ ദുരന്തത്തിന് പിന്നൊലെ ഉയർന്ന പ്രധാനപ്പെട്ട ചോദ്യമായിരുന്നു എന്ത് കൊണ്ട് അതിതീവ്ര മഴ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് മുൻകൂട്ടി കാണാനായില്ലെന്നത്. ദുരന്തത്തിന് മുമ്പ് ഓറഞ്ച് അലർട്ടും ദുരനത്തിന് ശേഷം മാത്രം റെഡ് അലർട്ടും എന്തുകൊണ്ടെന്നും ചോദ്യമുയർന്നിരുന്നു.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മഴ മാപിനികളിൽ രേഖപ്പെടുത്തിയ മഴ കണക്ക് മാത്രമാണ് നിലവിൽ ഔദ്യോഗികമായിട്ട് കണക്കാക്കുന്നത്. ഉരുപൊട്ടലുകളുണ്ടായ മേഖലയിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് മഴ മാപിനിയില്ല. വൈത്തിരി, കുപ്പാടി, അമ്പലവയൽ എന്നിങ്ങനെ സമീപ പ്രദേശങ്ങളിലെ മാപിനികളിലൊന്നും 29ന് അതിശക്തമായ മഴ രേഖപ്പെടുത്തിയിരുന്നില്ല.
ആ ദിവസം പുത്തുമലയിലും തേറ്റമലയിലും ഒക്കെ പെയ്ത അതിതീവ്ര മഴ പ്രാദേശിക മഴമാപിനികളിൽ രേഖപ്പെടുത്തിയെങ്കിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഔദ്യോഗിക വിവര ശേഖരണത്തിൽ ഉൾപ്പെട്ടില്ല. പെയ്തിറങ്ങുന്ന ദുരന്തത്തിന്റെ യഥാർത്ഥ ചിത്രം ഓദ്യോഗിക സംവിധാനങ്ങൾ കണ്ടില്ലെന്ന് ചുരുക്കം. മുണ്ടക്കൈ ദുരന്തത്തിന് പിന്നാലെ മഴ കണക്കുകളുടെ വിവരശേഖരണത്തിൽ മാറ്റം വരുത്താനാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ തീരുമാനം.
കൂടുതൽ സൂക്ഷ്മവും പ്രാദേശികവുമായ നിരീക്ഷണം വേണമെന്ന ആവശ്യം മുൻനിർത്തി ഇനി മറ്റ് മഴ മാപിനികളിൽ നിന്നുള്ള വിവരങ്ങളും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ശേഖരിക്കും. കെഎസ്ഇബി, ജലസേചന വകുപ്പ് തുടങ്ങി പല സ്ഥാപനങ്ങളും ഏജൻസികളുടേതുമായി 800 ഓളം മഴമാപിനികൾ കേരളത്തിലുണ്ട്. ഈ മഴ മാപിനികളിലെ കണക്കുകൾ കൂടി ഉൾപ്പെടുത്താനാണ് തീരുമാനമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ നീത ഗോപാൽ വിശദമാക്കുന്നത്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് തിരുവനനന്തപുരത്തും, കൊച്ചിയിലുമുള്ള റഡാർ സ്റ്റേഷനുകളാണ് നിലവിൽ കാലാവസ്ഥ നിരീക്ഷണത്തിനായി കേരളത്തിലുള്ളത്. കൊച്ചി റഡാറിന്റെ പരിധിക്ക് പുറത്താണ് വയനാടും കണ്ണൂരും കാസർകോടും ഉൾപ്പടെയുളള വടക്കൻ കേരളം. വടക്കൻ കേരളത്തിൽ ഒരു റഡാർ സ്റ്റേഷനുണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ അന്ന് കൂറെ കൂടി വ്യക്തമായ മുന്നറിയിപ്പ് സാധ്യമാവുമായിരുന്നു. വടക്കൻ കേരളത്തിൽ ഉചിതമായ സ്ഥലം
കണ്ടെത്തി റഡാർ ഉടൻ സ്ഥാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇപ്പോൾ നൽകുന്ന ഉറപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം