5 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച റോബോട്ടിക് ആനയ്ക്ക് 11 അടി പൊക്കവും 800 കിലോ ഭാരവുമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍. രാഹുലാണ് ആനയെ ക്ഷേത്രത്തിലേക്ക് സ്‌പോണ്‍സര്‍ ചെയ്തത്. പെറ്റ എന്ന സംഘടനയാണ് ആനയെ ക്ഷേത്രത്തിലേക്ക് നടയിരുത്തിയത്.
തൃശൂര്‍: വടക്കേക്കാട് കല്ലൂര്‍ പത്മനാഭപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ റോബോട്ടിക് ആനയെ നടയിരുത്തി. ശ്രീകൃഷ്ണ ജയന്തി ദിവസം നടയിരുത്തിയ കൊമ്പന്‍ പത്മനാഭപുരം പത്മനാഭന്‍ ഇനി ക്ഷേത്രത്തിന് സ്വന്തം. ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെറ്റ എന്ന സംഘടനയാണ് ആനയെ ക്ഷേത്രത്തിലേക്ക് നടയിരുത്തിയത്. ചടങ്ങ് മൗനയോഗി സ്വാമി ഹരിനാരായണന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം തന്ത്രി വടക്കേടം നാരായണന്‍ നമ്പൂതിരി, ഭരണ സമിതി പ്രസിഡന്റ് മുല്ലമംഗലം നാരായണന്‍, സെക്രട്ടറി കെ.ടി. ശിവരാമന്‍ നായര്‍, പെറ്റ ഇന്ത്യ കാമ്പെയ്‌നര്‍ കുശ്ബു ഗുപ്ത, കോഡിനേറ്റര്‍ ശ്രീകുട്ടിരാജെ, മീഡിയ, പ്രൊജക്ട് കോഡിനേറ്റര്‍ സംസ്‌കൃതി ബന്‍സൂറോ തുടങ്ങിയവര്‍ പങ്കെടുത്തു.
പെറ്റയുമായി കൈകോർത്ത് കെ എൽ രാഹുൽ
ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍. രാഹുലാണ് ആനയെ ക്ഷേത്രത്തിലേക്ക് സ്‌പോണ്‍സര്‍ ചെയ്തത്. അഞ്ച് ലക്ഷം രൂപയോളം ചെലവഴിച്ച് നിര്‍മിച്ച ആനയ്ക്ക് 11 അടി പൊക്കവും 800 കിലോ ഭാരവുമുണ്ട്. ഫോര്‍ ഇ ആര്‍ട്ട്‌സ് ചാലക്കുടി എന്ന സ്ഥാപനം മൂന്ന് മാസത്തോളം സമയമെടുത്താണ് ലക്ഷണമൊത്ത കൊമ്പനെ നിര്‍മിച്ചത്.


