Min read

പിടിച്ചെടുത്തത് വീട് പണിക്കായി കടം വാങ്ങിയ പണമെന്ന് വാദം; കൈക്കൂലി കേസില്‍ ഇന്ത്യന്‍ ഓയില്‍ കോർപ്പറേഷന്‍ ഡിജിഎ

Indian Oil Corporation DGA in bribery case claims that seized money was borrowed for house construction
Indian Oil Corporation DGA in bribery

Synopsis

വിജിലന്‍സിന്റെ ചോദ്യം ചെയ്യലിലാണ് അലക്സ് മാത്യുവിന്റെ ദുര്‍ബലമായ വാദം. പമ്പ് ഉടമയിൽ നിന്ന് വായ്പ വാങ്ങിയ പണമാണ് കൈക്കൂലിയെന്ന പേരിൽ പിടിച്ചെടുത്തതെന്നാണ് അലക്‌സ് മാത്യു പറയുന്നത്.

തിരുവനന്തപുരം: വീട് പണിക്കായി പമ്പ് ഉടമയിൽ നിന്ന് വായ്പ വാങ്ങിയ പണമാണ് കൈക്കൂലിയെന്ന പേരിൽ വിജിലന്‍സ് പിടിച്ചെടുത്തതെന്ന് ഇന്ത്യന്‍ ഓയില്‍ കോർപ്പറേഷന്‍ ഡിജിഎം അലക്‌സ് മാത്യു. വിജിലന്‍സ് കസ്റ്റഡിയിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് അലക്സ് മാത്യുവിന്റെ ദുര്‍ബലമായ വാദം. അലക്സിന്‍റെ പേരിൽ 24 സ്ഥിര നിക്ഷേപ അക്കൗണ്ടുകൾ ഉണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഡിജിഎം അലക്‌സ് മാത്യുവിനെ വിജിലന്‍സാണ് കയ്യോടെ പിടികൂടിയത്. കൊല്ലം കടക്കലിലെ ഗ്യാസ് എജന്‍സി ഉടമ മനോജിന്റ് പരാതിയില്‍, മനോജിന്റെ തിരുവനന്തപുരം കവടിയാറിലെ വീട്ടില്‍ നിന്നാണ് അലക്‌സ് മാത്യു പിടിയിലായത്. ഉപഭോക്താക്കളെ മറ്റ് ഏജന്‍സികളിലേക്ക് മാറ്റാതിരിക്കാന്‍ 10 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. കൈക്കൂലി പണത്തിലെ വിഹിതമായ 2 ലക്ഷം രൂപ കൈപ്പറ്റാന്‍ മനോജിന്റെ കവടിയാറിലെ വീട്ടിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. മുന്‍ കൂട്ടി വലയെറിഞ്ഞ ശേഷം മറഞ്ഞുനിന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇയാളെ ഇതേ വീട്ടില്‍ വച്ച് പിടികൂടുകയായിരുന്നു. എന്നാൽ വിജിലന്‍സ് കസ്റ്റഡിയിൽ രക്ഷപ്പെടാൻ പഴുതുകള്‍ തേടുകയാണ് അലക്സ് മാത്യു. മനോജിന്‍റെ വീട്ടില് നിന്ന് 200 മീറ്റർ അകലെ അലക്സിന് ഒരു വീടുണ്ട്. ഈ വീട് ഇപ്പോൾ പുതുക്കിപ്പണിയുകയാണ്. വീടിന്‍റെ അറ്റകുറ്റപ്പണിക്ക് താൻ മനോജിനോട് രണ്ട് ലക്ഷം രൂപ വായ്പ ചോദിച്ചെന്നും ഈ പണമാണ് വിജിലന്‍സ് പിടിച്ചെടുത്തത് എന്നുമാണ് ചോദ്യം ചെയ്യലില്‍ അലക്സിന്‍റെ ന്യായീകരണം. 

അറസ്റ്റിലാകുമ്പോൾ അലക്‌സ് മാത്യുവിന്റെ വാഹനത്തില്‍ നിന്നും ഒരു ലക്ഷം രൂപ കൂടി കണ്ടെടുത്തിരുന്നു. ഇത് തൊഴിലാളികള്‍ക്ക് കൂലി നല്‍കാൻ അക്കൗണ്ടിൽ നിന്ന് പിന്‍വലിച്ചതെന്നാണ് മൊഴി.ഇക്കാര്യം വിജിലൻസ് പരിശോധിച്ചുവരികയാണ്. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വഴി മറ്റൊരാളില്‍ നിന്നും കൈക്കൂലി വാങ്ങിയ പണമാണോ ഇതെന്ന് വിജിലൻസിന് സംശയമുണ്ട്. അലക്സിന്‍റെ പേരില് 24 സ്ഥിര നിക്ഷേപ അക്കൗണ്ടുകൾ ഉണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ എല്ലാമായി 30 ലക്ഷം രൂപ നിക്ഷേപമുണ്ട്. 

Latest Videos