തിരുവനന്തപുരം: തിരുവനന്തപുരത്ത് മലയിന്‍കീഴില്‍ സ്വകാര്യ പുരയിടത്തില്‍ നിന്നും നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. വിളപ്പില്‍ശാലയില്‍ ഊറ്റുകുഴിക്ക് സമീപം കാടുപിടിച്ച് കിടന്നിരുന്ന സ്വകാര്യ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങള്‍ മാത്രം പഴക്കമുള്ള ആണ്‍കുഞ്ഞിന്‍റെ മൃതദേഹമാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകിട്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് തെരുവ് നായ്ക്കള്‍ എന്തോ കടിച്ച് വലിക്കുന്നത് കണ്ട് സംഭവം പ്രദേശവാസികളെ അറിയിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കവര്‍ കടിച്ച് കീറിയ നിലയിലായിരുന്നു. കുട്ടിയുടെ വലതുകാല്‍ ശരീരത്തില്‍ നിന്നും വേര്‍പെട്ടിട്ടുണ്ട്. പട്ടികള്‍ കടിച്ച് കീറിയതാണെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.