നെടുമങ്ങാടും മുത്തങ്ങ ബോര്‍ഡറിലുമായി പരിശോധന; രണ്ട് യുവാക്കൾ പിടിയിലായത് കഞ്ചാവും മെത്തഫിറ്റമിനുമായി
വയനാട്: മുത്തങ്ങയിൽ മയക്കുമരുന്നുമായി യുവാവിനെ എക്സൈസ് പിടികൂടി. മാനന്തവാടി അഞ്ചുകുന്ന് സ്വദേശി മുഹമ്മദ് റാഫി.എൻ നെയാണ് 14.611 ഗ്രാം മെത്താംഫിറ്റമിനുമായി പിടികൂടിയത്. കേരള - കർണ്ണാടക അതിർത്തിയിൽ മുത്തങ്ങ ബോർഡർ ക്യാമ്പ് ഷെഡ് ഭാഗത്ത് വച്ച് നടത്തിയ വാഹന പരിശോധനയിലാണ് ബസിൽ മയക്കുമരുന്നുമായി വന്ന ഇയാൾ പിടിയിലായത്.
വയനാട് എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്‌സൈസ് ഇൻസ്പെക്ടർ രാധകൃഷണൻ.പി.ജി യും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെടുത്തത്. പ്രിവന്റീവ് ഓഫീസർ സാബു സിഡി, സിവിൽ എക്സൈസ് ഓഫീസർമാരായ ശശികുമാർ.പി എൻ, അൻവർ സി, ഷിനോജ്.എം ജെ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സുദിവ്യ ഭായി.ടി.പി എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
നെയ്യാറ്റിൻകരയിൽ ബൈക്കിൽ കടത്തിക്കൊണ്ട് വന്ന 2 കിലോഗ്രാം കഞ്ചാവുമായാണ് ഒരാളെ അറസ്റ്റ് ചെയ്തത്. കോട്ടുക്കോണം എള്ളുവിള സ്വദേശിയായ അലനാണ് (19 വയസ്) അറസ്റ്റിലായത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന ബിജിൻ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു. ബിജിനെയും പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു.
നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജെ.എസ്.പ്രശാന്തിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെത്തിയത്. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മണിവർണ്ണൻ, അസിസ്റ്റന്റ് ഇൻസ്പെക്ടർ(ഗ്രേഡ്) റെജികുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സനൽ, അനീഷ്, ലാൽകൃഷ്ണ, പ്രസന്നൻ,അലക്സ് എന്നിവരും ഉണ്ടായിരുന്നു.
