വർക്കല നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ അഞ്ച് സ്ഥാപനങ്ങളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. പഴകിയ ചിക്കൻ കറി, ചിക്കൻ ഫ്രൈ, അഴുകിയ മീൻ എന്നിവയുൾപ്പെടെ പിടിച്ചെടുത്തതിനെ തുടർന്ന് ഈ ഹോട്ടലുകൾക്ക് നോട്ടീസ് നൽകി.

തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലുകളിൽ പരിശോധന. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. പിന്നാലെ അഞ്ച് ഹോട്ടലുകള്‍ക്ക് നഗരസഭ നോട്ടീസ് നൽകി. വർക്കല നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടിയത്. ഇതിനെ തുടര്‍ന്നാണ് നടപടി.

പുന്നമൂട്, മൈതാനം, മുനിസിപ്പല്‍ ഓഫീസ് പരിസരം എന്നിവിടങ്ങളില്‍ പതിനൊന്ന് സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് അഞ്ച് സ്ഥാപനങ്ങളില്‍ നിന്നും പഴകിയ ഭക്ഷണം കണ്ടെത്തിയത്. പഴകിയ ചിക്കൻ കറി, ചിക്കൻ ഫ്രൈ, മീൻ ഫ്രൈ, അഴുകിയ മീൻ തുടങ്ങിയവയാണ് പിടിച്ചെടുത്തതിൽ അധികവും.

ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്ത അമ്മിക്കല്ല് ഹോട്ടല്‍, ഇന്ദ്രപ്രസ്ഥ ബാര്‍ ഹോട്ടല്‍, ഓലപ്പുര, തനി നാടന്‍ തട്ടുകട, വര്‍ക്കല തട്ടുകട തുടങ്ങിയ ഹോട്ടലുകള്‍ക്കെതിരെയാണ് നഗരസഭ നടപടി സ്വീകരിച്ചിരിക്കുന്നത്. പിഴ ഉൾപ്പെടെയുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഭക്ഷ്യശുചിത്വ പരിശോധന തുടരുമെന്നും നഗരസഭ ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം സൂക്ഷിച്ചതിനും പഴകിയ മാംസം പിടികൂടിയതിനും മുൻപും വർക്കലയിൽ പ്രമുഖ കടകൾക്കെതിരെ അധികൃതരുടെ നടപടി ഉണ്ടായിട്ടുണ്ട്.