ഇടുക്കി: മൂന്നാറിലെത്തിയ ബ്രിട്ടീഷ് പൗരനൊപ്പമുണ്ടായിരുന്ന അഞ്ച് പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങളും പരിശോധനകളും കര്‍ശനമാക്കി ദേവികുളം സബ് കളക്ടര്‍. ബ്രിട്ടിഷ് പൗരനോടൊപ്പമുണ്ടായിരുന്ന 17 പേര്‍ സഞ്ചരിച്ച മേഖലകള്‍ കേന്ദ്രീകരിച്ച് റൂട്ട് മാപ്പ് സജ്ജമാക്കും.

ഇവരോടൊപ്പമുണ്ടായിരുന്ന ഗൈഡിനെ ബന്ധപ്പെട്ടാവും കാര്യങ്ങള്‍ മനസിലാക്കുക. കെറ്റിഡിസിയില്‍ ഇവരോടൊപ്പമുണ്ടായിരുന്ന ജീവനക്കാരുടെ മുഴുവന്‍ പേരുടെയും ശ്രവങ്ങള്‍ പരിശോധിക്കും. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ആരെങ്കിലും നിരീക്ഷണത്തിലിരിക്കവെ പുറത്തുപോയിട്ടുണ്ടോയെന്ന് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

വൈറസിന്റെ വ്യാപനം സംബന്ധിച്ച് ആശയകുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രണ്ടാംഘട്ട നടപടികളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിവാഹം പോലുള്ള ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും. വെള്ളിയാഴ്ച മൂന്നാര്‍ മെര്‍ച്ചെന്റ് ഹാളില്‍ നടന്ന വിവാഹ ചടങ്ങ് പൊലീസ് ഇടപെട്ട് നിര്‍ത്തി. പൊലീസ,് റവന്യു, ആരോഗ്യ വകുപ്പ് എന്നിവര്‍ മൂന്ന് ടീമുകളായി ജനവാസമേഖലകള്‍ കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. നല്ല തണ്ണിയില്‍ 11 പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.

ഇവര്‍ക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് നടപടി. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അതേസമയം, കൊവിഡ് വൈറസ് മുന്‍കരുതലുകളുടെ ഭാഗമായി മൂന്നാറില്‍ വിവിധ ഹോട്ടലുകളില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 14 വിദേശികളുടെ സാമ്പിളുകള്‍ നെഗറ്റീവ ആണ്.

ഇവര്‍ക്ക് തിരികെ മടങ്ങാന്‍ അവസരം ഒരുക്കുമെന്ന് ഡിഎംഒ വ്യക്തമാക്കി. അയര്‍ലന്‍ഡ്, ഫ്രാന്‍സ്, യുകെ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളാണിവര്‍. നേരത്തെഎറണാകുളം ജില്ലയില്‍ രോഗമില്ലെന്ന് തെളിഞ്ഞ ലണ്ടന്‍ പൗരന്മാരെ തിരികെ അയക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. അതേ സമയം രോഗം ആദ്യം സ്ഥിരീകരിച്ച ഇംഗ്ലണ്ട് സ്വദേശിയുടെ നില പൂര്‍ണമായും തൃപ്തികരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.