ജിനുവിന്റെ കൈയ്യിലുണ്ടായിരുന്ന ഫോൺ ഇവർ തട്ടിയെടുത്ത് എസ്ബിഐ യോനോ ആപ്പിലൂടെ അക്കൗണ്ടിൽ നിന്നും 10,000 രൂപ ഇവരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്യിച്ചു. മറ്റൊരു മൊബൈൽ നമ്പരിലേക്ക് 2500 രൂപയും ജിനുവിനെ നിർബന്ധിപ്പിച്ച് അയപ്പിച്ചു.

തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 19-കാരനെ ഹണിട്രാപ്പിൽപ്പെടുത്തി മർദിച്ച് പണം തട്ടിയ കേസിൽ യുവതിയും ആൺ സുഹൃത്തും അറസ്റ്റിൽ. ശ്രീകാര്യം ചെല്ലമംഗലം സ്വദേശി സൂര്യ (19), സുഹൃത്ത് പാപ്പനംകോട് എസ്റ്റേറ്റ് സ്വദേശി കൈലാസ് (20) എന്നിവരാണ് അറസ്റ്റിലായത്. കീഴ്‌തോന്നയ്ക്കൽ തച്ചപ്പള്ളി സ്വദേശിയിൽ നിന്നാണ് ഇവർ പണവും സ്വർണവും ഉൾപ്പടെ കവർന്നത്. ഇൻസ്റ്റാഗ്രാമിലൂടെ യുവാവുമായി ബന്ധം സ്ഥാപിച്ച സൂര്യ ഇക്കഴിഞ്ഞ 18-ന് പാങ്ങപ്പാറയിൽ വിളിച്ചുവരുത്തിയായിരുന്നു ആക്രമണം. യുവതി പറഞ്ഞതനുസരിച്ച് ലോക്കേഷനിൽ എത്തിയ യുവാവിനെ അവിടെ കാത്തുനിന്ന സൂര്യയുടെ സുഹൃത്തുക്കൾ ജിനുവിനെ സ്കൂട്ടറിൽ നിർബന്ധിച്ച് കയറ്റികൊണ്ടു പോവുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ജിനുവിനെ പാങ്ങപ്പാറ ഹെൽത്ത് സെന്ററിന് സമീപം സംഗീത നഗറിലെ ആളൊഴിഞ്ഞ കുളത്തിനരികിലെത്തിച്ച് മർദിക്കുകയും ബിയർ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് പരാതി. ജിനുവിന്റെ കൈയ്യിലുണ്ടായിരുന്ന ഫോൺ ഇവർ തട്ടിയെടുത്ത് എസ്ബിഐ യോനോ ആപ്പിലൂടെ അക്കൗണ്ടിൽ നിന്നും 10,000 രൂപ ഇവരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്യിച്ചു. മറ്റൊരു മൊബൈൽ നമ്പരിലേക്ക് 2500 രൂപയും ജിനുവിനെ നിർബന്ധിപ്പിച്ച് അയപ്പിച്ചു. പിന്നീട് ഇയാളെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുവെന്നും പരാതിയിൽ പറയുന്നു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീകാര്യം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.