കൊല്ലം: കൊല്ലം ബൈപാസിലെ അപകടങ്ങളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് തയ്യാറാക്കിയ പരമ്പര 'ആളെ കൊല്ലും കൊല്ലം ബൈപാസ്' ഫലം കാണുന്നു. വെളിച്ചക്കുറവ് പരിഹരിക്കുന്നതിന്‍റെ ഭാഗമായി ബൈപാസിൽ തെരുവ് വിളക്കുകള്‍ സ്ഥാപിച്ച് തുടങ്ങി. നാലുകോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

ഉദ്ഘാടനം കഴിഞ്ഞ് പത്ത് മാസം പിന്നിടുന്നതിനിടയില്‍ വിവിധ വാഹന അപകടങ്ങളിലായി കൊല്ലം ബൈപാസിൽ പൊലിഞ്ഞത് 27 ജീവനുകളാണ്. അപകടങ്ങളില്‍ അധികവും നടന്നത് രാത്രിയിലും .അപകടങ്ങളിലേക്ക് വഴിവക്കുന്ന വെളിച്ചക്കുറവും അമിത വേഗതയും ഉള്‍പ്പടെയുള്ളവ ചൂണ്ടികാട്ടിയായിരുന്നു ആളെ കൊല്ലും കൊല്ലം ബൈപാസ് പരമ്പര. വാർത്താപരമ്പര നിയമസഭയില്‍  ചർച്ചയായതിനെ തുടർന്നാണ് തെരുവ് വിളക്കുകള്‍ ഉള്‍പ്പടെ സ്ഥാപിച്ച് പ്രശ്നപരിഹാരത്തിന് സർക്കാർ തന്നെ മുൻകൈയ്യെടുത്തത്. 

വെളിച്ചക്കുറവ് പരിഹരിക്കുന്നതിന് വേണ്ടി ബൈപാസിൽ 415 എല്‍ഇഡി വിളക്കുകള്‍ സ്ഥാപിക്കാനാണ് തീരുമാനം ഇതിന്‍റെ ആദ്യഘട്ടമായി മേവറം മുതല്‍ അയത്തില്‍ വരെ 115 തെരുവ് വിളക്കുകള്‍ സ്ഥാപിച്ച് കഴിഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ജി സുധാകരൻ നിർവഹിച്ചു.

രണ്ടാഘട്ടം ജനുവരിയില്‍ പൂർത്തിയാക്കും. ഇതോടെ കൊല്ലം ബൈപാസിലെ വെളിച്ചക്കുറവ് പൂർണമായും പരഹരിക്കാൻ കഴിയുമെന്നാണ് ആധികൃതർ പറയുന്നത്. അതേസയം നിരിക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ഇതുവരെയായും ആരംഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അപകടത്തിന് ശേഷം നിർത്താതെ പോകുന്ന വാഹനങ്ങള്‍ പിടികൂടാനും പൊലീസിന് കഴിയുന്നില്ല.