Asianet News MalayalamAsianet News Malayalam

കൊറോണ: ജാഗ്രത നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടർ

പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കോർകമ്മിറ്റിയും വിവിധ വകുപ്പുകളുൾപ്പെട്ട ഉപസമിതികളും രൂപീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും സംയുക്ത കൺട്രോൾ റൂം ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കും

instructions by malappuram collector about coronavirus
Author
Malappuram, First Published Feb 3, 2020, 9:32 PM IST

മലപ്പുറം: കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ മുൻകരുതൽ നടപടികൾ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏകോപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലാ കളക്ടർ ജാഫർ മാലികിന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ജാഗ്രത നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഇക്കാര്യം ഉറപ്പു വരുത്തണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

രോഗബാധിത പ്രദേശങ്ങളിൽ നിന്നെത്തിയവർ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യം ജില്ലയിലില്ലെന്നും ജാഗ്രതയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കോർകമ്മിറ്റിയും വിവിധ വകുപ്പുകളുൾപ്പെട്ട ഉപസമിതികളും രൂപീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും സംയുക്ത കൺട്രോൾ റൂം ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കും.

രോഗബാധിത രാജ്യങ്ങളിൽ നിന്നെത്തിയവരുടേയും അവരുമായി സമ്പർക്കം പുലർത്തിയവരുടെയും വിവരങ്ങൾ കൺട്രോൾ റൂമിലാണ് അറിയിക്കേണ്ടത്. പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്ക്കരണവും കാര്യക്ഷമമാക്കാൻ വിവിധ വകുപ്പുകൾ ഉൾപ്പെട്ടതാണ് 15 ഉപസമിതികൾ. 

ജലദോഷം, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവ അനുഭവപ്പെട്ടാൽ  മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. സാധാരണ പകർച്ച വ്യാധികളുള്ള വിദ്യാർഥികൾ സ്‌കൂളുകളിൽ വരാതെ ചികിത്സ തേടി വീടുകളിൽതന്നെ വിശ്രമിക്കാൻ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന പറഞ്ഞു.  ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് മുഴുവൻ വിദ്യാലയങ്ങൾക്കും നിർദ്ദേശം നൽകണം. വളർത്തു മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയവയ്ക്കുണ്ടാകുന്ന രോഗങ്ങളും അസാധാരണ ആരോഗ്യ പ്രശ്‌നങ്ങളും മൃഗ സംരക്ഷണ വകുപ്പ് ആരോഗ്യവകുപ്പിനെ അറിയിക്കണം.

സാമൂഹ്യ മാധ്യമങ്ങൾ  നിരീക്ഷിക്കാൻ ജില്ലാ കളക്ടർ ജാഫർ മാലിക് പൊലീസിന് നിർദേശം നൽകി. ജനങ്ങളിൽ ആശങ്ക പരത്തുന്ന തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതു കണ്ടെത്തിയാൽ നിയമപരമായ കർശന നടപടികളുണ്ടാവും. ഓരോ ദിവസങ്ങളിലെയും റിപ്പോർട്ടുകൾ കോർകമ്മിറ്റി  യോഗം ചേർന്ന് യഥാർഥ വിവരങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും ജില്ലാ ഇൻഫർമേഷൻ ഓഫീസ് വഴി മാധ്യമങ്ങളെ അറിയിക്കും.

ഇതിനായി പ്രത്യേക വാർത്താ കുറിപ്പ് (മെഡിക്കൽ ബുള്ളറ്റിൻ) പുറത്തിറക്കും. വിദേശങ്ങളിൽ നിന്നെത്തുന്നവരുടെ വിവരങ്ങൾ ലഭ്യമാവുന്ന മുറയ്ക്ക് ആശ, കുടുംബശ്രീ, അങ്കണവാടി പ്രവർത്തകരും ജനപ്രതിനിധികളും കൺട്രോൾ റൂമിൽ അറിയിക്കണം. തദ്ദേശ ഭരണ സ്ഥാപനങ്ങൾ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നും യോഗത്തിൽ നിർദേശം നൽകി. ജനകീയ ബോധവത്ക്കരണ പ്രവർത്തനങ്ങളും കാര്യക്ഷമമാക്കണം.

ഇതിനാവശ്യമായ തുക തനതു ഫണ്ടിൽ നിന്നു കണ്ടെത്താൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദ്ദേശമുണ്ട്. അസിസ്റ്റന്റ് കളക്ടർ രാജീവ് കുമാർ ചൗധരി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ പി എൻ പുരുഷോത്തമൻ, ഡെപ്യൂട്ടി ഡിഎംഒ. ഡോ. കെ. മുഹമ്മദ് ഇസ്മയിൽ, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ ഷിബുലാൽ, വിവിധ വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios