കോഴിക്കോട്: കോഴിക്കോട്, വയനാട്, പാലക്കാട്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിരവധി കളവുകൾ നടത്തിയ യുവാവ് പിടിയിൽ. അത്തോളി രാരോത്ത് വീട്ടിൽ മുഹമ്മദ് സൽമാൻ (22) ആണ് അറസ്റ്റിലായത്. ഡിവൈഎസ്പി കെ.പി അബ്ദുൽ റസാഖിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താമരശ്ശേരി പൊലീസ് ഇയാളെ പിടികൂടിയത്.

താമരശ്ശേരി അടിവാരത്ത് നിന്നും ജനുവരി 9ന്‌ 7 മൊബൈൽ ഫോണുകളും 4500 രൂപയും മോഷണം പോയതിന്റെ അന്വേഷണത്തിനിടെയാണ് പ്രതിയെ ഈങ്ങാപ്പുഴ വെച്ച് പിടികൂടുന്നത്. 2019 അവസാനത്തിൽ താമരശ്ശേരി കോരങ്ങാട് നിന്നും 4 ഫോണുകളും പണവും താമരശ്ശേരി ചുങ്കത്ത് നിന്നും  5000 രൂപയും 3 ഫോണുകളും ഇയാൾ കവർന്നിരുന്നു.  സുൽത്താൻ ബത്തേരി,വൈത്തിരി എന്നിവിടങ്ങളിൽ നിന്നും നിരവധി ഫോണുകൾ പ്രതി കളവ് നടത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. 

നിർമാണം നടക്കുന്ന കെട്ടിടങ്ങൾ കേന്ദ്രീകരിച്ചുള്ള ജോലിക്കാരുടെ ഫോണുകൾ ആണ് കളവ് നടത്തിയിട്ടുള്ളത്. കൂടാതെ പട്ടാമ്പി ,ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്ന് സ്‌കൂട്ടറുകളും മോട്ടോർ സൈക്കിളുകളും കളവ് നടത്തിയിതായി തെളിഞ്ഞിട്ടുണ്ട്. കളവ് നടത്തിയ വാഹനത്തിൽ വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചാണ് വീണ്ടും കളവ് നടത്തുന്നത്. അവസാനമായി ഏപ്രിൽ 29ന് പുലർച്ചെ പടനിലത്ത് നിർത്തിയിട്ട ലോറിയിൽ നിന്നും എട്ടായിരം രൂപയും മൊബൈൽ ഫോണും കളവ് നടത്തിയിട്ടുണ്ട്. 

മോഷണം നടത്തിയ മൊബൈൽ ഫോണുകൾ മലപ്പുറം, വയനാട്, കോഴിക്കോട് ഭാഗങ്ങളിലാണ് വിൽപന നടത്തിയത്. മോഷണം നടത്തിയ സ്കൂട്ടറും മൊബൈൽ ഫോണും 10,000 രൂപയും പ്രതിയിൽ നിന്നും കണ്ടെടുത്തു. 6 മാസം മുൻപ് പ്രായപൂർത്തി ആകാത്ത വിദ്യാർഥിയെ പീഡിപ്പിച്ചതിന് അത്തോളി പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു പ്രതി.  മുഹമ്മദ് സൽമാനെ താമരശ്ശേരി ജെ.എഫ്.സി.എം.- 1 കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. താമരശ്ശേരി ഇൻസ്പെക്ടർ എം.പി. രാജേഷ്  എസ്.ഐ മാരായ സനൽ രാജ്, അനൂപ്, വി.കെ.സുരേഷ്, രാജീവ് ബാബു, എ.എസ്. ഐ ജയപ്രകാശ് എന്നിവർ അടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയത്.