ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി എ സി ജെ എം കോടതിയോട് റിപ്പോർട്ട്‌ ആവശ്യപ്പെട്ടു. മജിസ്‌ട്രേറ്റ് കോടതികളുടെ അധികാരം സിജെഎം കോടതികൾക്കാണ്

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ കടലാസ് രഹിത കോടതിയുടെ പ്രവർത്തനം ഇന്ന് ഒരു മണിക്കൂറോളം തടസപ്പെട്ടു. ഇന്റർനെറ്റ്‌ സംവിധാനത്തിൽ ഉണ്ടായ തകരാർ കാരണമാണ് കോടതി നടപടികൾ തടസ്സപ്പെട്ടതെന്നാണ് വിവരം. തിരുവനന്തപുരം ജില്ലയിലെ ഏക കടലാസ് രഹിത കോടതിയായ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ പ്രവർത്തനമാണ് തടസപ്പെട്ടത്. സാങ്കേതിക തടസം കണ്ടെത്തി പരിഹരിക്കുന്നത് വരെ കോടതിയുടെ പ്രവർത്തനം നിർത്തി വയ്ക്കേണ്ടി വന്നു. ഇതേ തുടർന്ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി എ സി ജെ എം കോടതിയോട് റിപ്പോർട്ട്‌ ആവശ്യപ്പെട്ടു. മജിസ്‌ട്രേറ്റ് കോടതികളുടെ അധികാരം സിജെഎം കോടതികൾക്കാണ്.

യുവാവിനെ കഴുത്തിൽ കുത്തിയ കേസ്: പ്രതികളെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: വർക്കലയിൽ യുവാവിനെ കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുവിനെ ബാറിൽ കൊണ്ടുപോയി മദ്യം കുടിപ്പിച്ചത് ചോദ്യം ചെയ്തതിനായിരുന്നു ക്രൂരമായ ആക്രമണം. കഴുത്തിന് സാരമായി പരിക്കേറ്റ യുവാവ് ഇപ്പോഴും ആശുപത്രിയിലാണ്. വർക്കല റാത്തിക്കൽ സ്വദേശി റിയാദ്, താഴെ വെട്ടൂർ സ്വദേശി മുഹമ്മദ് എന്നിവരാണ് കേസിൽ അറസ്റ്റിലായത്.

വർക്കല റാത്തിക്കൽ സ്വദേശി സാബിനാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഇദ്ദേഹത്തിന്റെ ബന്ധു ഷാജഹാന്റെ സുഹൃത്തുക്കളാണ് സാബിനെ മർദ്ദിച്ചത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ ആയിരുന്നു ആക്രമണം. ഷാജഹാനെ ബാറിൽ കൊണ്ടുപോയി മദ്യം വാങ്ങി നൽകിയത് സാബിൻ ചോദ്യം ചെയ്തതായിരുന്നു ആക്രമിക്കാനുള്ള പ്രകോപനം.

ആക്രമണത്തിന് ഇടയിൽ പ്രതികളിലൊരാളായ റിയാദ് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സാബിന്റെ കഴുത്തിൽ ആഞ്ഞു കുത്തുകയായിരുന്നു. സാബിൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും കഴുത്തിന് മാരകമായ മുറിവേറ്റു. ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.