Asianet News MalayalamAsianet News Malayalam

അരിവിതരണം: ഇടുക്കിയില്‍ വ്യാപക ക്രമക്കേട്, നടപടിയുമായി അധികൃതര്‍

സര്‍ക്കാര്‍ പ്രഖ്യാപനം നടന്നിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴും ആവശ്യത്തിന് സ്റ്റോക്കുകളുണ്ടായിട്ടും തൊഴിലാളികള്‍ക്ക് അരി നല്‍കാന്‍ റേഷന്‍ കടയുടമകള്‍ തയ്യറാകുന്നില്ല. ചിലര്‍ നല്‍കുന്നതാകട്ടെ പഴകിയ അരിയും.

irregularities in rice distribution in idukki
Author
Idukki, First Published Apr 4, 2020, 4:12 PM IST

ഇടുക്കി: സര്‍ക്കാര്‍ അനുവദിച്ച അരിവിതരണത്തില്‍ ഇടുക്കിയില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം. ദേവികുളം സപ്ലേ ഓഫിസറുടെ നേതൃത്വത്തില്‍ 25 കടകളില്‍ നടത്തിയ പരിശോധനയില്‍ നാല് കടകളില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തി. ദേവികുളം താലൂക്ക് മേഖലയിലെ ഓപ്പണ്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ 31 കടകള്‍ അനധികൃതമായാണ് കച്ചവടം നടത്തുന്നതെന്നും കണ്ടെത്തി.

ലോക്ക് ഡൗണ്‍ അവസാനിക്കുന്നതോടെ തുടര്‍നടപടിയെടുക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ലോക്ക് ഡൗണ്‍ പ്രതിസന്ധിയേക്കാള്‍ രൂക്ഷമാണ് മൂന്നാറിലെ സൗജന്യ അരിവിതരണം. സര്‍ക്കാര്‍ പ്രഖ്യാപനം നടന്നിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴും ആവശ്യത്തിന് സ്റ്റോക്കുകളുണ്ടായിട്ടും തൊഴിലാളികള്‍ക്ക് അരി നല്‍കാന്‍ റേഷന്‍ കടയുടമകള്‍ തയ്യറാകുന്നില്ല.

ചിലര്‍ നല്‍കുന്നതാകട്ടെ പഴകിയ അരിയും.  ചോദ്യം ചെയ്യുന്നവരെ പലരും അടച്ചാക്ഷേപിക്കുകയും ചെയ്യുന്നു. സംഭവം പലരും ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാര്‍ മാത്രമാണ് സന്ദര്‍ശനം നടത്തിയത്. സര്‍ക്കാരിന്റെ നിര്‍ദ്ദേശം കൃത്യമായി പാലിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ പലരും നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ തയ്യറായില്ല. ഇതേ തുടര്‍ന്ന് 25 ഓളം പരാതികളാണ് താലൂക്ക് സപ്ലേ ഓഫീസര്‍ എന്‍. ശ്രീകുമാറിന് ലഭിച്ചത്.

രാവിലെ മുതല്‍ നടത്തിയ പരിശോധനയില്‍ നാല് കടകളില്‍ ക്രമക്കേട് കണ്ടെത്തുകയും ചെയ്തു. ഓപ്പണ്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ 31 കച്ചവട സ്ഥാപനങ്ങള്‍ രേഖകളില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. ലോക്ക് ഡൗണ്‍ അവസാനിക്കുന്നതോടെ ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. 

ആയിരക്കണക്കിന് തൊഴിലാളികളാണ് തോട്ടം മേഖലയില്‍ താമസിക്കുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പലരും വീടുകളില്‍ നിന്നും പുറത്തിറങ്ങുന്നില്ല. ഇത്തരം സാഹചര്യം മനസിലാക്കി അവര്‍ക്ക് അര്‍ഹമായ അരി നല്‍കാന്‍ റേഷന്‍ കച്ചവടക്കാര്‍ ശ്രമിക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. രാവിലെ നടന്ന പരിശോധനയില്‍  അസി. താലൂക്ക് സപ്ലേ ഓഫീസര്‍ സദ്ദീപ് കുമാര്‍, റേഷന്‍ ഇന്‍സ്‌പെക്ടര്‍ അജിത്ത് കുമാര്‍, രാജീവ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Follow Us:
Download App:
  • android
  • ios