വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ഐസക് ന്യൂട്ടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

കോഴിക്കോട്: സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന വിദേശമദ്യവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. 40 കുപ്പി വിദേശ മദ്യവുമായി പശ്ചിമബംഗാള്‍ അമിത്പുര്‍ സ്വദേശി ഐസക് ന്യൂട്ടനാണ് അറസ്റ്റിലായത്. വടകര അഴിയൂര്‍ ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്.

വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ഐസക് ന്യൂട്ടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ ജയരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സാവിഷ്, അനൂപ്, ലിനീഷ് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. വാഹനങ്ങൾ വഴി മദ്യകടത്ത് വ്യാപകമാകുന്നുവെന്ന പരാതിയെ തുടർന്നാണ് എക്സൈസ് പരിശോധന ശക്തമാക്കിയത്. 

ജവാന്റെ ഉത്പാദനം കൂട്ടുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ

ജവാൻ ബ്രാൻഡിന്റെ ഉത്പാദനം കൂട്ടുന്നത് ആലോചിക്കുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ. കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന മദ്യത്തിന്റെ ക്ഷാമം കണക്കിലെടുത്താണ് നടപടിയെന്നും എക്സൈസ് മന്ത്രി പറഞ്ഞു. സ്പിരിറ്റ് വില കൂടിയത് ഉത്പാദനത്തെ ബാധിച്ചു. വില കുറഞ്ഞ മദ്യം സർക്കാർ ഉത്പാദിപ്പിക്കുന്നത് നഷ്ടത്തിലാണ്. മദ്യവില കൂട്ടേണ്ട സാഹചര്യമാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല എന്നും എം.വി.ഗോവിന്ദൻ വ്യക്തമാക്കി. 72 രൂപയ്ക്കാണ് ജവാൻ റം നിർമ്മാണത്തിനായി ബെവ്കോ സ്പരിറ്റ് വാങ്ങുന്നത്. 

സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യം കിട്ടാനില്ലാത്ത അവസ്ഥയുണ്ട്. 750 രൂപവരെ വിലവരുന്ന മദ്യമാണ് കിട്ടാത്തത്. ബെവ്‌കോ ഔട്ട്‌ലറ്റുകളില്‍ വിലകുറഞ്ഞ മദ്യം കിട്ടാനില്ല. ബാറുകളിലും വിലകുറഞ്ഞ മദ്യമില്ല. ഇതുമൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മദ്യവില്‍പനശാലകൾ വന്‍ പ്രതിസന്ധി നേരിടുകയാണ്. ബെവ്കോയ്ക്ക് വലിയ വരുമാനമുണ്ടാക്കുന്നത് കുറഞ്ഞ നിരക്കിലുള്ള മദ്യവിൽപ്പനയിലൂടെയാണ്. ഇടത്തരം മദ്യ ബ്രാൻറുകളുടെ വിതരണം കമ്പനികള്‍ കുറച്ചത് ബെവ്കോയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സ്പിരിറ്റിന്‍റെ വില കൂടിയതിനാൽ മദ്യവില കൂട്ടണമെന്ന് കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ നടപടി ഇല്ലാതെ വന്നതോടെ മദ്യ വിതരണം കമ്പനികള്‍ കുറയ്ക്കുകയായിരുന്നു. 

കരാർ പ്രകാരമുള്ള മദ്യവിതരണം നടത്തമെന്നാവശ്യപ്പെട്ട് കമ്പനികള്‍ക്ക് ബെവ്കോ നോട്ടീസ് നൽകിയെങ്കിലും വിലകൂട്ടാതെ പൂർണതോതിലുള്ള മദ്യവിതരണം സാധിക്കില്ലെന്ന നിലപാടിലാണ് കമ്പനികള്‍. മൂന്ന് മാസത്തിനുള്ളിൽ 5 രൂപയാണ് സ്പരിരിറ്റിന് കൂടിയത്. 

'ജവാൻ' വില കൂടുമോ?

ജവാൻ റമ്മിന്റെ വില വർദ്ധിപ്പിക്കണമെന്ന് ബെവ്കോയുടെ ശുപാര്‍ശ ചെയ്തിരുന്നു. 10 ശതമാനം വില കൂട്ടണമെന്നാണ് ബെവ്കോ എംഡി ശുപാര്‍ശ ചെയ്തിരിക്കുന്നത്. സ്പിരിറ്റിന്റെ വില കൂടിയ സാഹചര്യത്തിലാണ് വില വർധന ആവശ്യപ്പെട്ട് ബെവ്കോ സർക്കാരിന് ശുപാർശ നൽകിയത്. ഇപ്പോൾ ലിറ്ററിന് 600 രൂപയാണ് ജവാന്റെ വില. സർക്കാർ ഉടമസ്ഥതയിലുളള ട്രാവന്‍കൂര്‍ ഷുഗേഴ്സാണ് ജവാൻ മദ്യം ഉത്പാദിപ്പിക്കുന്നത്.

Read More: കൺസ്യൂമർ ഫെഡിന്റെ പൂട്ടിയ 10 ഔട്ട് ലെറ്റുകൾ തുറക്കും, നടപടി പുതിയ മദ്യനയത്തിന്റെ ഭാഗമായി