കായംകുളം: സഭാതർക്കത്തെ തുടർന്ന് മരിച്ച് 10 -ാം ദിവസവും ശവസംസ്ക്കാരം നടത്താന്‍ പറ്റാതെ ഒരു കുടുംബം.  കട്ടച്ചിറ പള്ളിക്കലേത്ത് വർഗീസ് മാത്യു (94) ന്റെ ശവസംസ്ക്കാരമാണ് സഭാ തർക്കം മൂലം നീളുന്നത്. ഈ മാസം മൂന്നാം തിയതിയാണ് മാത്യു മരിച്ചത്. 

വർഷങ്ങളായി കട്ടച്ചിറപള്ളിയുടെ അധികാരത്തിനായി യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനില്‍ക്കുന്നുണ്ട്. തർക്കം കോടതിയിൽ എത്തുകയും ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി സുപ്രീം കോടതി വിധിയുണ്ടാവുകയും ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണം. ഇതേ തുടർന്ന് സംഘർഷത്തിലായ പള്ളിയും പരിസരവും ജില്ലാ ഭരണകൂടം ഇടപെട്ട് പൊലീസ് സംരക്ഷണത്തിലാക്കി നിരോധന ആജ്ഞ പ്രഖ്യാപിച്ചു. രണ്ട് മാസങ്ങള്‍ക്ക് ശേഷം ഇപ്പോഴും നിരോധനാജ്ഞ നിലനില്‍ക്കുന്നണ്ട്.  

ഇടവക വിശ്വാസികളുടെ ശവസംസ്ക്കാരം പള്ളി സെമിത്തേരിയിൽ നടത്താൻ മാത്രമാണ് പിന്നീട് അനുവദിച്ചിരുന്നത്. വൈദികരൊഴികെ മരിച്ചയാളിന്റെ ബന്ധുക്കൾ മാത്രമേ പള്ളി സെമിത്തേരിയിൽ പ്രവേശിക്കാവു എന്നതായിരുന്നു വ്യവസ്ഥ. എന്നാൽ കഴിഞ്ഞ ആഴ്ച മരിച്ച ആളിന്റെ ചെറുമകൻ ജോര്‍ജി ജോണ്‍, വൈദികനായതിനാൽ പ്രവേശിപ്പിക്കണമെന്നതായിരുന്നു യാക്കോബായ വിഭാഗത്തിന്റെ ആവശ്യം. 

എന്നാല്‍ മരിച്ചയാളിന്‍റെ ചെറുമകനായ ജോര്‍ജി ജോണിന് തന്‍റെ കൂടെ നിന്ന് കര്‍മ്മങ്ങള്‍ ചെയ്യാമെന്ന് കട്ടച്ചിറ പള്ളിയിലെ ഓര്‍ത്തഡോക്സ് വികാരിയായ ജോണ്‍സ് ഈപ്പന്‍ പറഞ്ഞു. മരിച്ചയാളിനെ ഓര്‍ത്തഡോക്സ് വികാരി അടക്കം ചെയ്താല്‍ നാളെ ഇത് നിയമപ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്ന ഭയമാണ് യാക്കോബായ വിഭാഗത്തെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

എന്നാല്‍ കൊച്ചുമകനായ വികാരിയെ അന്ത്യ ശുശ്രൂഷ ചെയ്യാന്‍ അനുവദിക്കണമെന്ന യാക്കോബായ സഭയുടെ ആവശ്യം ഓര്‍ത്തഡോക്സ് സഭ അംഗീകരിക്കുന്നില്ല. അവര്‍ക്ക് സ്വന്തം നിലയില്‍ കര്‍മ്മങ്ങള്‍ ചെയ്യാന്‍ പറ്റില്ലെന്നും എന്നാല്‍ തന്‍റെ ഒപ്പം നിന്ന് കര്‍മ്മങ്ങളില്‍ പങ്കാളിയാകാമെന്നും ജോണ്‍സ് ഈപ്പന്‍  പറഞ്ഞു. മറിച്ച് ചെയ്താല്‍ അത് സുപ്രീകോടതി വിധിയുടെ ലംഘനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് ഇരു വിഭാഗവുമായി കളക്ടർ ഉൾപ്പടെ ചർച്ചകൾ നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. 

മതാചാരപ്രകാരം മാത്രമേ സംസ്ക്കാര ശുശ്രുഷകൾ നടത്താവൂ എന്ന ഉറച്ച തീരുമാനത്തിലാണ് ഇടവക കമ്മിറ്റിയും വിശ്വാസികളും. വിശ്വാസിയുടെ ശവസംസ്ക്കാരത്തിന് അനുമതി നിഷേധിച്ചതിനെതിരെ ഇന്നലെ ഇടവക പ്രതിഷേധ ദിനം ആചരിച്ചിരുന്നു. മരിച്ച് 10 ദിവസം കഴിഞ്ഞിട്ടും മൃതദേഹം ഇപ്പോഴും വീടിനുള്ളിലെ മൊബൈൽ മോർച്ചറിയിലാണ്.  

കഴിഞ്ഞ വ്യാഴാഴ്ച വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം മൃതദ്ദേഹം കട്ടച്ചിറ സെന്റ് സെയിന്റ്സ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്ക്കാരത്തിന് കൊണ്ടുവന്നിരുന്നു. എന്നാൽ തർക്കത്തെ തുടർന്ന് 7 മണിക്കൂറോളം കെ പി റോഡരികിൽ വെച്ചതിനു ശേഷം തിരികെ വീട്ടിലേയ്ക്ക് തന്നെ കൊണ്ടുപോവുകയായിരുന്നു.