കല്‍പ്പറ്റ: കൊവിഡ് 19 വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൌണില്‍ ശര്‍ക്കരയ്ക്ക് വന്‍ഡിമാന്‍ഡ്. ബാറുകളും ബീവറേജ് ഔട്ടലെറ്റുകളും അടച്ചതോടെയാണ് ഗ്രാമീണ മേഖലയിലടക്കം ശര്‍ക്കരയ്ക്ക് വന്‍ ഡിമാന്‍ഡായത്. വാറ്റുചാരായത്തിന്‍റെ പ്രധാന ചേരുവയാണ് ശര്‍ക്കരയെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നു. മദ്യശാലകള്‍ അടച്ചതോടെ പലരും വലിയ തോതില്‍ ശര്‍ക്കര വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വീടുകളില്‍ ചാരായമുണ്ടാക്കാനാണ് ചിലര്‍ ശര്‍ക്കര വ്യാപകമായി ശേഖരിക്കുന്നതെന്നാണ് എക്സസൈസിന്‍റെ നിരീക്ഷണം. 

മൂന്നാഴ്ചയ്ക്കിടെ വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്ത വ്യാജവാറ്റ് കേസുകള്‍ ഇതിന് തെളിവാണെന്നാണ് നിരീക്ഷണം. തമിഴ്‌നാട്ടില്‍ നിന്നാണ് പ്രധാനമായും വയനാട്ടിലേക്ക് ശര്‍ക്കരയെത്തുന്നത്. വെള്ള, കാപ്പി, കറുപ്പ് എന്നീ മൂന്നിനം ശര്‍ക്കരയാണ് വിപണിയിലുള്ളത്. ലോക്ക്ഡൌണ്‍ സമയത്ത് വെള്ള, കാപ്പി ഇനങ്ങള്‍ക്ക് കിലോക്ക് 65 മുതല്‍ 70 രൂപ വരെ വിലയെത്തി. മൊത്തവിപണിയില്‍ അറുപത് രൂപയ്ക്ക് മുകളിലാണ് വില. കറുപ്പ് ശര്‍ക്കരയ്ക്ക് മൂന്നുമുതല്‍ അഞ്ചുരൂപവരെ കുറവുണ്ടെങ്കിലും ലോക്ഡൗണിന് മുമ്പ് മേല്‍ത്തരത്തിന് 35 മുതല്‍ 40 രൂപവരെയായിരുന്നു വില. 

വയനാട്ടില്‍ പലയിടങ്ങളിലായി എക്സൈസ് നടത്തിയ പരിശോധനയില്‍ ഇതുവരെ 2000 ലിറ്ററില്‍ അധികം വാഷ് ആണ് നശിപ്പിച്ചത്. അഞ്ചുകേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ രണ്ടുപേര്‍ അറസ്റ്റിലുമായി. വീടുകളിലടക്കം ഗ്യാസ് അടുപ്പും കുക്കറും ഉപയോഗിച്ച് ചാരായവാറ്റ് നടന്നതായി എക്‌സൈസ് പറയുന്നു.

എന്നാല്‍ ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് എക്‌സൈസ് പരിശോധന കര്‍ശനമാക്കിയതോടെ വാറ്റുന്നത് കുറഞ്ഞു. ഇതോടെ വെല്ലത്തിന്റെ വില താഴാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വ്യാപാരികളും പറയുന്നത്. പൊലീസിന്‍റെ കണ്ണ് നെട്ടിക്കാന്‍ ഗ്രാമപ്രദേശങ്ങളില്‍ വന്നാണ് പലരും ശര്‍ക്കര വാങ്ങിയിട്ടുള്ളത്. ഏതായാലും കൂടുതല്‍ ശര്‍ക്കര വാങ്ങുന്നവരെ നിരീക്ഷിക്കുന്നത് തുടരുമെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നത്.