മലവെള്ളത്തിൽ ശ്രുതിക്ക് ഉറ്റവരെല്ലാം നഷ്ടമായി, 10 വർഷത്തെ പ്രണയത്തെ കൈവിടാതെ ജൻസൻ, അപൂർവ്വ മാതൃക
മഹാദുരന്തത്തിൽ ശ്രുതിക്ക് എല്ലാം നഷ്ടമായി. അച്ഛനും അമ്മയും കൂടപ്പിറപ്പും പുതിയ വീടിനൊപ്പം ഉരുൾ എടുത്തുപോയി. എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ശ്രുതിക്കൊപ്പം ഇപ്പോൾ ജെൻസൺ മാത്രമാണുള്ളത്
മേപ്പാടി: ഉരുൾപൊട്ടൽ ജീവിതത്തിൽ നിന്ന് പ്രിയപ്പെട്ട കുടുംബത്തെ തട്ടിയെടുത്ത ശ്രുതിക്ക് താങ്ങായി ജൻസൻ. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ച സ്നേഹത്തിന്റെ ഒരപൂർവ മാതൃകയാവുകയാണ് ശ്രുതിയും ജൻസനും. ഒരു മാസം മുൻപാണ് അമ്പലവയൽ സ്വദേശിയായ ജൻസനുമായി ചൂരൽമല സ്വദേശിനി ശ്രുതിയുടെ വിവാഹ നിശ്ചയം നടന്നത്. ശ്രുതിയുടെ പുതിയ വീടിന്റെ പാലുകാച്ചലും വിവാഹ നിശ്ചയവും ഒന്നിച്ചായിരുന്നു. പക്ഷെ മഹാദുരന്തത്തിൽ ശ്രുതിക്ക് എല്ലാം നഷ്ടമായി. അച്ഛനും അമ്മയും കൂടപ്പിറപ്പും പുതിയ വീടിനൊപ്പം ഉരുൾ എടുത്തുപോയി. എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ശ്രുതിക്കൊപ്പം ഇപ്പോൾ ജെൻസൺ മാത്രമാണുള്ളത്. ആ കൈ പിടിച്ച് പതിയെ ജീവിതത്തിലേക്ക് മടങ്ങി വരികയാണ് ശ്രുതി
ശ്രുതിയുടെ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, അനിയത്തി ശ്രേയ എന്നിവരെയാണ് മലവെള്ളം കൊണ്ടുപോയത്. അനിയത്തി ശ്രേയയുടെ മൃതദേഹം മാത്രമാണ് ശ്രുതിക്ക് തിരിച്ചുകിട്ടിയത്. കല്പറ്റ എൻ എം എസ് എം ഗവ. കോളേജിൽ ബിരുദ വിദ്യാർത്ഥിയായിരുന്നു സഹോദരി ശ്രേയ. ബന്ധു വീട്ടിലായതിനാൽ മാത്രമാണ് ഉരുൾപൊട്ടലിൽ നിന്ന് ശ്രുതി രക്ഷപ്പെട്ടത്. ശ്രുതിയുടെ വിവാഹം ഡിസംബറിൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്. അതിന് വേണ്ടി നാലര ലക്ഷം രൂപയും പതിനഞ്ച് പവനും സ്വരുക്കൂട്ടി വെച്ചിരുന്നു. അതും മണ്ണിൽ എവിടെയോ പോയി.
പത്ത് വർഷത്തെ പ്രണയത്തിന് ശേഷമാണ് ശ്രുതിയും ജൻസനും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്. പക്ഷേ അപ്രതീക്ഷിതമായി മലവെള്ളം പ്രിയപ്പെട്ടവരെ കൊണ്ടുപോയപ്പോൾ നിരാശയുടെ ഇരുട്ടിലേക്ക് ശ്രുതിയെ വിട്ടുകൊടുക്കാൻ ജൻസന് ആവുമായിരുന്നില്ല. മേപ്പാടിയിലെ ക്യാംപിൽ ശ്രുതിക്ക് നിഴലായി ജൻസനുണ്ട്. വീടിരുന്ന ഭാഗത്ത് ഒരു വലിയ കല്ല് മാത്രമാണ് ബാക്കിയുള്ളത്. കൂലിപ്പണിക്കാരനായിരുന്ന പിതാവിന്റെയും സെയിൽസ് വുമണായിരുന്ന അമ്മയുടേയും ബിരുദ വിദ്യാർത്ഥിയായിരുന്ന അനിയത്തിയുടേയും ഓർമ്മയിൽ ഒന്നും പെറുക്കിയെടുക്കാൻ പോലും വീടിരുന്ന സ്ഥലത്ത് അവശേഷിച്ചിട്ടില്ല.
ഉറ്റവർ ഒഴുകി പോയതിന്റ ഓർമ ശ്രുതിയെ വിടാതെ പിന്തുടരുന്നുണ്ട്. മോശം സ്വപ്നങ്ങൾ കണ്ട് ഉണരാത്ത രാത്രികളില്ല. ദേഹമാസകലം ചെളി വന്ന് പൊതിയുന്നതാണ് ഞെട്ടിക്കുന്ന സ്വപ്നങ്ങളിൽ ഏറെയും. ജൻസൻ ഒപ്പമുള്ളപ്പോ സമാധാനം തോന്നുന്നുവെന്ന് ശ്രുതിയും പറയുന്നു. ഒറ്റക്കാക്കി പോയില്ലെല്ലോയെന്ന ആശ്വാസം ജൻസനേ പ്രതി മാതാപിതാക്കൾക്കുണ്ടാവുമെന്നാണ് ശ്രുതിയുടെ പ്രതീക്ഷ. ഏതു സമയവും പെണ്ണിനൊപ്പം നടക്കാൻ നാണമില്ലേയെന്ന് ആളുകൾ ചോദിക്കുമ്പോഴും ശ്രുതിയെ ഒറ്റക്കാക്കാൻ ജൻസനും മനസില്ല. ശ്രുതിക്കായിട്ട് ഒരു വീട് എന്ന സ്വപ്നം മനസിലുണ്ടെന്ന് ജൻസനും പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം