മനുഷ്യവാസയിടങ്ങളിലേക്ക് വന്യജീവികളെത്തിയുള്ള സംഘര്‍ഷം ഇല്ലാതാക്കുകയെന്നതാണ് വനംവകുപ്പ് നടപ്പാക്കിവരുന്ന മിഷന്‍ ഫുഡ് ഫോഡര്‍ വാട്ടര്‍പദ്ധതിയുടെ ലക്ഷ്യം

കല്‍പ്പറ്റ: വയനാടിന്‍റെ നല്ല നാളുകള്‍ക്കായി ജപ്പാന്‍ മോഡല്‍ നടപ്പാക്കി വരികയാണ് വനവകുപ്പ്. വിത്തുണ്ട നിര്‍മ്മിച്ച് ഫലവൃക്ഷങ്ങളുടെയും മറ്റും വിത്തുകള്‍ വനങ്ങളില്‍ നിക്ഷേപിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. മണ്ണില്‍ ചാണകവും ജൈവവളവും ചേര്‍ത്ത് ഉരുട്ടിയെടുക്കുന്നതാണ് വിത്തുണ്ട. 

ഒരുണ്ടയില്‍ ഒരേ ഇനത്തില്‍പ്പെട്ട ആറോ ഏഴോ വിത്തുകളുണ്ടാകും. മുളച്ച് ചെടിയാകുന്നത് വരെ കാലാവസ്ഥ മാറ്റങ്ങളില്‍ നിന്ന് വിത്തുകളെ സംരക്ഷിക്കുകയെന്നതാണ് ജാപ്പനീസ് പ്രകൃതി കൃഷി പ്രചാരകനായ മസനോബു ഫുക്കുവോക്ക രൂപപ്പെടുത്തിയ വിത്തുമുളപ്പിക്കല്‍ രീതി. വിത്തുണ്ടയില്‍ കിടന്ന് വിത്തുകള്‍ മുളച്ച് വേരുകള്‍ മണ്ണിലേക്കിറങ്ങി വളര്‍ന്ന് തുടങ്ങും. 

മനുഷ്യവാസയിടങ്ങളിലേക്ക് വന്യജീവികളെത്തിയുള്ള സംഘര്‍ഷം ഇല്ലാതാക്കുകയെന്നതാണ് വനംവകുപ്പ് നടപ്പാക്കിവരുന്ന മിഷന്‍ ഫുഡ് ഫോഡര്‍ വാട്ടര്‍പദ്ധതിയുടെ ലക്ഷ്യം. ആയിരക്കണക്കിന് വിത്തുണ്ടകള്‍ തയ്യാറാക്കി വനപ്രദേശങ്ങളിലും സംരക്ഷിത വനപ്രദേശങ്ങളിലും ഇതിനോടകം എറിഞ്ഞിട്ട് കഴിഞ്ഞു. ഞാവല്‍, പഞ്ചാരനെല്ലി, കരിവെട്ടി, കുമുത്, വറളി, പ്‌ളാവ്, മാവ്, കലയം, കുന്നി തുടങ്ങിയ സ്വഭാവികമരങ്ങളുടെ വിത്തുകളാണ് മഴയേറ്റ് കുതിര്‍ന്ന കാടുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്. 

ബാണാസുരമലയിലടക്കം വിത്തുണ്ടകള്‍ നിക്ഷേപിക്കാന്‍ വിദ്യാര്‍ഥികളുടെ സഹായവും തേടി. കല്‍പ്പറ്റ റെയിഞ്ചിലുള്‍പ്പെട്ട സുഗന്ധഗിരി സെക്ഷനിലെ കൊച്ചുമല ഭാഗം, ചെതലയം റേഞ്ചിന് കീഴിലെ പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ അയനിമല അടക്കം വയനാട്ടിലാകെയുള്ള വനപ്രദേശങ്ങളില്‍ വിത്തുണ്ടകള്‍ നിക്ഷേപിച്ചു കഴിഞ്ഞു. വിത്തുകള്‍ മുളപൊട്ടി നാളെ വലിയ മരങ്ങളാകുമെന്നും അവ എല്ലാതരം ജീവനുകളെയും സംരക്ഷിക്കുമെന്നുമുള്ള പാഠം കൂടിയാണ് വനംവകുപ്പ് വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും പകര്‍ന്നു നല്‍കുന്നത്.

YouTube video player