Asianet News MalayalamAsianet News Malayalam

ജസ്നയുടെ തിരോധാനം: സിബിഐ അന്വേഷണ ഹർജി ഇന്ന് പരിഗണിക്കും

മാർച്ച് 22 നായിരുന്നു കോളേജ് വിദ്യാ‍ത്ഥിനി ജസ്നയെ കാണാതായത്. ഐജി മനോജ് എബ്രഹാമിന്‍റെ കീഴിൽ 3 ഡിവൈഎസ്പിമാരും 30 ൽ അധികം പൊലീസ് ഉദ്യോഗസ്ഥരും നാലുമാസമായി അന്വേഷണം തുടരുന്നു. പക്ഷേ പൊലീസ് ഇരുട്ടില്‍ തന്നെ..

Jasnas disappearance CBIs inquiry will be considered today
Author
Idukki, First Published Aug 2, 2018, 6:54 AM IST

ഇടുക്കി: ജസ്ന തിരോധാന കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പൊലീസ് അന്വേഷണ പുരോഗതി റിപ്പോർട്ട് കൈമാറും. ഒടുവിൽ കേസ് പരിഗണിച്ചപ്പോൾ നിർണായക വിവരം ലഭിച്ചെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നെങ്കിലും, ജസ്ന എവിടെ എന്നതിനെ കുറിച്ച് 
കൃത്യമായ വിവരമില്ലാത്തത് പൊലീസിന് തലവേദനയാകുന്നുണ്ട്. 

ഐജി മനോജ് എബ്രഹാമിന്‍റെ കീഴിൽ 3 ഡിവൈഎസ്പിമാരും 30 ൽ അധികം പൊലീസ് ഉദ്യോഗസ്ഥരും നാലുമാസമായി തുടരുന്ന അന്വേഷണം, പക്ഷെ ഇനിയും ജസ്നയെകുറിച്ച് കാര്യമായ വിവരം ലഭിച്ചിട്ടില്ല. ഏറ്റവും ഒടുവിൽ കുടകിലും അടിമാലിയിലും നടത്തിയ പരിശോധനയും ഫലം കണ്ടില്ല. കുടകിൽ ജസ്നയുടെ ബന്ധുക്കളുടെ വീട്ടിലാണ് പരിശോധന നടത്തിയത്. 

അടിമാലിയിൽ ഒരു പെൺകുട്ടിയും യുവാവും ടാക്സി വിളിച്ചിരുന്നതായും ഇത് ജസ്നയാണെന്ന് സംശയിക്കുന്നതായും ഡ്രൈവർ പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മുണ്ടക്കയത്തെ സിസിടിവി ദൃശ്യത്തിലുള്ളത് ജസ്ന തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. ജസ്നയുടെ വീട്ടിലെ ബൈബിളിൽ നിന്നും മറ്റൊരു സിം കാർഡ് കണ്ടെത്തിയിരുന്നെങ്കിലും ഇതിൽ നിന്നും തെളിവുകളൊന്നും കിട്ടിയിരുന്നില്ല. 

ഇക്കാര്യങ്ങളെല്ലാം അന്വേഷണ സംഘം കോടതിയെ അറിയിക്കും. മൊബൈൽ ടവർ കേന്ദ്രീകരിച്ച് തയ്യാറാക്കിയ പട്ടിക പരിശോധന ഇപ്പോഴും നടക്കുന്നുണ്ട്. അടുത്തിടെ ഇടുക്കിയിൽ നിന്ന് കണ്ടെത്തിയ സ്ത്രീയുടെതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങൾ ഡി.എൻ.എ പരിശോധനക്ക് അയച്ചെങ്കിലും ഇതിന്‍റെ ഫലം വരാനിരിക്കുന്നെയുള്ളൂ.

കേരളത്തിനകത്തും പുറത്തും നടത്തിയ പരിശോധനകളുടെ സമഗ്ര റിപ്പോർട്ടും അന്വേഷണ സംഘം കൈമാറും. മാർച്ച് 22 നായിരുന്നു കാഞ്ഞിരപ്പള്ളി സെന്‍റ്  ഡൊമനിക് കോളേജ് വിദ്യാ‍ത്ഥിനി ജസ്നയെ കാണാതായത്. സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സഹോദരനും കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റുമാണ് ഹർജി നൽകിയത്. 
 

Follow Us:
Download App:
  • android
  • ios