ഇടുക്കി: ഓൺലൈൻ പഠനത്തിനായി ബന്ധുവീട്ടീലേക്ക് ടാക്സി ജീപ്പിൽ യാത്ര ചെയ്യവേ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവറെ റിമാന്‍റ് ചെയ്തു. കണ്ണൻദേവൻ കമ്പനി ലക്ഷ്മി എസ്റ്റേറ്റിൽ ഈസ്റ്റ് ഡിവിഷനിൽ പി. ശിവ കണ്ണൻ (26)നെയാണ് റിമാൻറ് ചെയ്തത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. 

വീട്ടിൽ മൊബൈൽ റേഞ്ച് കിട്ടാത്തതിനാൽ മൂന്നാർ ടൗണിലുള്ള ബന്ധുവീട്ടിലെത്തിയാണ് പെൺകുട്ടി പതിവായി ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുന്നത്. ശനിയാഴ്ചയും പതിവുപോലെ പെൺകുട്ടി ജീപ്പിൽ മൂന്നാറിലേക്ക് വരുന്നതിനിടയിലാണ് പ്രതി തേയില തോട്ടത്തിനു സമീപം ജീപ്പ് നിർത്തി പീഡിപ്പിക്കാൻ ശ്രമിച്ചത്. ജീപ്പിൽ മറ്റു യാത്രക്കാർ ആരുമുണ്ടായിരുന്നില്ല. 

പെൺകുട്ടി നിലവിളിച്ചതിനെ തുടർന്ന് പ്രതി പെൺകുട്ടിയെ ജീപ്പിൽ കയറ്റി പഴയ മൂന്നാറിൽ എത്തിച്ച് ഇറക്കിവിട്ട ശേഷം രക്ഷപ്പെട്ടു. പഴയ മൂന്നാറിൽ നിന്നും ഓട്ടോ വിളിച്ച് പെൺകുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതിനെ തുടർന്ന് മാതാപിതാക്കൾ കുട്ടിയുമായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

തുടർന്ന് മൂന്നാർ എസ്.എച്ച്.ഒ സാം ജോസ്, എസ്. കെ.എം.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള  സംഘമാണ് പ്രതിയെ പിടികൂടിയത്. നാലുമണിക്കൂറോളം നടത്തിയ തെരച്ചിലൊടുവിലാണ് തേയില തോട്ടത്തിൽ ഒളിച്ചിരുന്ന പ്രതിയെ പൊലീസ് പിടികൂടിയത്.