ജില്ലയിലെ ഓരോ വിദ്യാലയവും ഓരോ ജലാശയം വീതം തെരെഞ്ഞെടുത്ത് ശുചീകരിച്ച് സംരക്ഷിക്കുന്ന പദ്ധതിയാണിത്. കുളങ്ങള്‍, കിണറുകള്‍, നീര്‍ച്ചാലുകള്‍ തുടങ്ങിയവ ഇങ്ങനെ തെരെഞ്ഞെടുക്കാം

കോഴിക്കോട്: കൊടിയ വേനലിന് സാന്ത്വനമേകാന്‍ കോഴിക്കോട് ജില്ലയില്‍ പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ 'സേവ്', 'ജീവജലം' പദ്ധതി നടപ്പിലാക്കുന്നു. ജില്ലയിലെ ഓരോ വിദ്യാലയവും ഓരോ ജലാശയം വീതം തെരെഞ്ഞെടുത്ത് ശുചീകരിച്ച് സംരക്ഷിക്കുന്ന പദ്ധതിയാണിത്. കുളങ്ങള്‍, കിണറുകള്‍, നീര്‍ച്ചാലുകള്‍ തുടങ്ങിയവ ഇങ്ങനെ തെരെഞ്ഞെടുക്കാം.

സേവിന്റെ മറ്റു പദ്ധതികളില്‍ നിന്ന് വ്യത്യസ്തമായി വിദ്യാര്‍ത്ഥികള്‍ നേരിട്ടല്ല ഇത് നടപ്പിലാക്കുന്നത് എന്ന പ്രത്യേകതയുണ്ട്. സ്കൂളിന്‍റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ജനകീയ സമിതിയാണ് ജലാശയം ശുചീകരിക്കുന്നതും സംരക്ഷിക്കുന്നതും. സ്കൂള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ ജനപ്രതിനിധി, പിടിഎ അംഗങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, നാട്ടുകാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ അടങ്ങുന്ന കമ്മിറ്റി രൂപീകരിക്കും.

ഈ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ശുചീകരിച്ച ജലാശയത്തിന് ഒരു സംരക്ഷണ സമിതി രൂപീകരിക്കും. ജലാശയം പൊതുജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തും. ആയിരത്തി ഒരുന്നൂറ്റി പത്തൊന്‍പത് സ്കൂളുകളുള്ള ജില്ലയില്‍ അത്രയും ജലാശയങ്ങള്‍ ഇങ്ങനെ ശുചീകരിച്ച് സംരക്ഷിക്കാനാണ് സേവ് ലക്ഷ്യമിടുന്നത്. 

ഇതോടൊപ്പം ജില്ലയിലെ ക്ഷേത്ര, പള്ളി കുളങ്ങൾ ശുചീകരിച്ച് സംരക്ഷിക്കാനുള്ള ശ്രമവും സേവ് നടത്തും. ക്ഷേത്ര കുളങ്ങളുടെ ശുചീകരണത്തിനായി മലബാർ ദേവസ്വംബോർഡ് ഭാരവാഹികളെയും പള്ളി കുളങ്ങൾ സ്വീകരിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കോഴിക്കോട് വലിയഖാസിയേയും സേവ് പ്രതിനിധികൾ സന്ദർശിച്ച് നിവേദനം നൽകും. ഇത് മൂന്നാം വർഷമാണ് സേവ് ജീവജലം പദ്ധതി നടപ്പാക്കുന്നത്. ജീവജലം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടക്കാവ് ഗവൺമെൻറ് ടിടിഐ ക്യാമ്പസിലെ കുളം വൃത്തിയാക്കി കൊണ്ട് ഫെബ്രുവരി രണ്ടാം വാരത്തിൽ നടക്കും. ഇതിനായി ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗം പ്രഫ. ശോഭീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സേവ് ജില്ലാ കോ-ഓർഡിനേറ്റർ വടയക്കണ്ടി നാരായണൻ അദ്ധ്യക്ഷത വഹിച്ചു.