Asianet News MalayalamAsianet News Malayalam

കോവളം ബീച്ചില്‍ ജെല്ലി ഫിഷ് നിറയുന്നു; സഞ്ചാരികള്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും തലവേദന

ഇതിനോടകം തന്നെ ടൺ കണക്കിന് ജെല്ലി ഫിഷുകളെ ബീച്ചിന് സമീപത്ത്  കുഴിച്ച് മൂടിക്കഴിഞ്ഞു. എങ്കിലും  ഉൾക്കടലിൽ നിന്നുള്ള ജെല്ലി ഫിഷുകളുടെ വരവ് മാറ്റമില്ലാതെ തുടരുകയാണ്. 

jelly fish found in kovalam beach
Author
Kovalam Beach, First Published Sep 27, 2021, 6:13 PM IST

തിരുവനന്തപുരം: കോവളം ബീച്ചിനെ കൈയ്യടക്കിയുള്ള ജെല്ലി ഫിഷുകളുടെ തുടർച്ചയായ വരവ് തുടരുന്നു. ജെല്ലി ഫിഷുകള്‍ തീരത്തടിഞ്ഞ് ദുർഗന്ധം വമിച്ചതോടെ സഞ്ചാരികൾക്കും പ്രദേശവാസികള്‍ക്കും തലവേദനയായി. ഒരാഴ്ചയായി തിരമാലകളുടെ ശക്തിയിൽ കരയിലേക്ക് നൂറുകണക്കിന് ജെല്ലി ഫിഷുകളാണ് വന്നടിയുന്നത്.   ജെല്ലിക്കൂട്ടങ്ങളെ കുഴിച്ച് മൂടാനുള്ള ശുചികരണ തൊഴിലാളികളുടെ ശ്രമങ്ങളും കാര്യമായ ഫലം കണ്ടില്ല.

മുൻവർഷങ്ങളിൽ ആഗസ്റ്റ് മാസത്തോടെ കടൽച്ചൊറിയെന്നറിയപ്പെടുന്ന ജെല്ലി ഫിഷുകൾ തീരത്തേക്ക് വരുക പതിവായിരുന്നു. എന്നാല്‍ ഇത്തവണ ജെല്ലി ഫിഷുകളുടെ എണ്ണം കൂടുതലാണെന്ന് തൊഴിലാളികൾ പറയുന്നു. കടൽത്തിരകൾക്കൊപ്പം കാലം തെറ്റിയുള്ള ജെല്ലിയുടെ വരവ്  ദിവസങ്ങൾ കഴിഞ്ഞിട്ടും നിലച്ചിട്ടില്ല. ഇതോടെ ബീച്ചിലാകെ ജെല്ലി ഫിഷ് നിറഞ്ഞ് സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്.

Read More: കടലോരത്ത് ഐസ്ക്രീം പോലെ ഉരുകിയൊലിച്ച് ജെല്ലിഫിഷുകളുടെ കൂട്ടം, അമ്പരന്ന് നാട്ടുകാർ

ഇതിനോടകം തന്നെ ടൺ കണക്കിന് ജെല്ലി ഫിഷുകളെ ശുചീകരണ തൊഴിലാളികള്‍ ബീച്ചിന് സമീപത്ത്  കുഴിച്ച് മൂടിക്കഴിഞ്ഞു. എങ്കിലും  ഉൾക്കടലിൽ നിന്നുള്ള ജെല്ലി ഫിഷുകളുടെ വരവ് മാറ്റമില്ലാതെ തുടരുകയാണ്. മണലിൽ പറ്റിപ്പിടിച്ചിരുന്ന് അലിയുന്ന ഇവ രൂക്ഷഗന്ധം പരത്തുന്നതോടൊപ്പം ബീച്ചിനെ വൃത്തിഹീനമാക്കുകയും ചെയ്യുന്നതായി നാട്ടുകാർ പറയുന്നു. കൂടാതെ ക്ലീനിംഗ് സ്റ്റാഫുകളുടെ എണ്ണക്കുറവും ബീച്ചുകളിൽ നിന്ന് തിരമാലകൾ പിൻമാറാത്തതും ജെല്ലികൾ മറവു ചെയ്യുന്നതിന് തടസമായി.

jelly fish found in kovalam beach

അടുത്തിടെ ഓസ്‌ട്രേലിയൻ ബീച്ചുകളുടെ തീരത്ത് വലിയ ജെല്ലിഫിഷുകൾ അടിഞ്ഞുകൂടിയിരുന്നു. നോർത്ത് ക്വീൻസ്‌ലാന്റിലെ വോംഗാലിംഗ് ബീച്ചിലാണ് ജെല്ലിഫിഷിന്റെ കൂട്ടം വ്യാപിച്ചുകിടക്കുന്നതായി നാട്ടുകാർ കണ്ടത്.   60 സെന്റിമീറ്റർ വീതിയുള്ള വലിയ ജെല്ലിഫിഷുകൾ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. 

Read More: 'മരണമോ, അതെന്താ?'- എത്ര വയസ്സായാലും മരിക്കാത്ത ഈ വിചിത്രജീവിയുടെ അതിജീവനരഹസ്യമിതാണ്

കടൽച്ചൊറി എന്ന് പേരുള്ള ജെല്ലിഫിഷിന് കുടയുടെ ആകൃതിയുള്ള ഉടലും നെടുനീളൻ സ്പർശനികളുമുണ്ട്‌. ഇരപിടിക്കാൻ പ്രയോജനപ്പെടുത്തുന്ന ഈ സ്പർശനികൾക്ക്, ചില ഭീമൻ ജെല്ലി ഫിഷുകളിൽ 30 മീറ്റർ വരെ നീളമുണ്ടാകാറുണ്ട്. ബോക്സ് ജല്ലിഫിഷ് പോലുള്ളവയ്ക്ക് മനുഷ്യനെവരെ കൊല്ലാൻ ശേഷിയുള്ള വിഷമുണ്ടെങ്കിലും എല്ലാത്തരം ജെല്ലിഫിഷുകളും അപകടകാരികളല്ല. ജെല്ലിഫിഷിലെ ടുരിട്ടോപ്സിസ് ഡോർണി (Turritopsis dohrnii) എന്ന ഒരു പ്രത്യേകയിനത്തിന് വിഷമില്ല.

jelly fish found in kovalam beach

 

Follow Us:
Download App:
  • android
  • ios