Asianet News MalayalamAsianet News Malayalam

മഹാ പ്രളയത്തിന് ശേഷം വീട്ടിലെത്തിയപ്പോള്‍ കണ്ടത് ഇതാണ്; യുവതിയുടെ അനുഭവം

വീടിന് അകത്തു കയറിയപ്പോൾ ചെറുപുതയുന്ന കണ്ടം പോലെ ചെളി അടിഞ്ഞു കിടക്കുന്നു. ഇനി നശിക്കാത്ത ഒന്നും അവിടെയില്ല. അമ്മയും അനിയന്മാരും അടങ്ങുന്ന മൂന്നു ജീവനുകൾ മാത്രം ബാക്കി. ഉടുത്ത വസ്ത്രം മാത്രം കയ്യിലുണ്ട്

Jisha Elizabeth facebook post on after kerala flood
Author
Thiruvananthapuram, First Published Aug 20, 2018, 1:00 AM IST

മഹാപ്രളയത്തിന്‍റെ ഭീതിയെ അതിജീവിച്ചവര്‍ നേരിടുന്നത് അതിലും വലിയ ദുരന്തമാണെന്നതാണ് യാഥാര്‍ത്ഥ്യം. കാത്ത് സൂക്ഷിച്ചതൊക്കെയും കാലവര്‍ഷത്തിന്‍റെ കുത്തൊഴുക്കില്‍ നഷ്ടമായതിന്‍റെ വേദന പേറുകയാണവര്‍. എങ്കിലും എല്ലാം തിരിച്ചുപിടിക്കാമെന്ന അതിജീവനത്തിന്‍റെ സന്ദേശമാണ് എങ്ങും പരക്കുന്നത്.

പ്രളയത്തിന് ശേഷം വീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ചയെക്കുറിച്ചുള്ള ജിഷ എലിസബത്തെന്ന യുവതിയുടെ കുറിപ്പ് ശ്രദ്ധേയമാണ്. എല്ലാം തിരിച്ചുപിടിക്കാനുള്ള മനക്കരുത്താണ് ജിഷ പങ്കുവച്ചത്.

ജിഷയുടെ കുറിപ്പ് ഇങ്ങനെ

19 ആഗസ്റ്റ് 2018
ഉച്ചക്ക് ശേഷം

അമ്മയും അനിയന്മാരും വെള്ളം ഇറങ്ങിയോ എന്നു നോക്കാൻ വീട്ടിലെത്തി. താമസിക്കുന്ന പാട ശേഖരത്തിൽ അരക്കൊപ്പം വെള്ളമുണ്ട്‌. പണ്ടേ, വരമ്പു മാത്രമാണ് വഴി. ഇപ്പോൾ അതുമില്ല. മുറ്റത്ത് മുട്ടൊപ്പം വെള്ളം ഇപ്പോഴുമുണ്ട്.

കോഴിക്കൂട്ടിലെ അമ്പതു കോഴികളും ചത്തുചീഞ്ഞു. രണ്ടു ആടുകൾ മരിച്ചു( ചത്തു എന്നു പറഞ്ഞാൽ അമ്മച്ചിക്ക് വിഷമം ആകും). ഏറ്റവും പ്രിയപ്പെട്ട മോത്തിയെ( പട്ടി) കാണാനില്ല. ചത്തോ ജീവനുണ്ടോ എന്നൊന്നും അറിയില്ല. അവളുടെ മകൻ ജീവനോടെ ഉണ്ട്.

വീടിന് അകത്തു കയറിയപ്പോൾ ചെറുപുതയുന്ന കണ്ടം പോലെ ചെളി അടിഞ്ഞു കിടക്കുന്നു. ഇനി നശിക്കാത്ത ഒന്നും അവിടെയില്ല. അമ്മയും അനിയന്മാരും അടങ്ങുന്ന മൂന്നു ജീവനുകൾ മാത്രം ബാക്കി. ഉടുത്ത വസ്ത്രം മാത്രം കയ്യിലുണ്ട്.

200 കുലച്ച വാഴ ഓണത്തിന് വെട്ടേണ്ടതു ആയിരുന്നു. (കഴിഞ്ഞ പോസ്റ്റിൽ 100 എഴുതിയതിൽ അമ്മച്ചിക്കുള്ള പ്രതിഷേധം വകവെച്ച്, ഈ പോസ്റ്റിൽ കൃത്യമായ എണ്ണം രേഖപ്പെടുത്തിയിട്ടുണ്ട്) ഒക്കെ കേടായി ഒടിഞ്ഞു വീണു. അരയേക്കർ പയർ എല്ലാം നഷ്ടമായി. 
ഇതെല്ലാം പുതിയത് വാങ്ങാമെന്നോ ഇത്രയും സാധനങ്ങൾക്ക് അത്രയും മൂല്യം ദുരിതാശ്വാസ നഷ്ടപരിഹാരം കിട്ടുമെന്നോ ഒന്നും കരുതുന്നില്ല. ഇനിയിതെല്ലാം ഒന്നേ എന്നു തിരിച്ചു പിടിക്കാൻ എത്ര സമയം എടുക്കുമെന്ന ചിന്ത മാത്രമാണ് ബാക്കി.

നമ്മുടെ ഈ ദുരിതങ്ങൾക്കിടെ , സേഫ് സോണിൽ ഇരുന്നു, ഇപ്പോഴും പുച്ഛം വാരിയെറിയുന്ന ചിലരുണ്ട്. എന്റെ കേൾവിപുറത്തോ കാഴ്ച പുറത്തോ എന്തെങ്കിലും മോശമായതോ പരിഹാസമായതോ കേട്ടാൽ, കണ്ടാൽ; അതു ഈ ദുരിതത്തിൽ പെട്ടു കിടക്കുന്ന ആരെക്കുറിച്ചു അവമതിപ്പു പറഞ്ഞാലും, ഞാൻ പ്രതികരിക്കും, അതി രൂക്ഷമായി...

അപ്പോൾ വിഷമം പറഞ്ഞിട്ടു കാര്യമില്ല...

 

Follow Us:
Download App:
  • android
  • ios