ഇടുക്കി: നൂറ്റാണ്ടുകണ്ട മഹാപ്രളയത്തില്‍ ഒലിച്ചുപോയത് രണ്ടുകോടി രൂപ. സര്‍ക്കാര്‍ അനുവദിച്ചത് 1.2 ലക്ഷം രൂപ. താന്നിക്കണ്ടം കുബിളുവേലിയില്‍ ജോണിനാണ് മഹാപ്രളയത്തില്‍ ഇത്രയധികം നാശനഷ്ടങ്ങള്‍ സംഭവിച്ചത്.

ജോണിന്റെ രണ്ടേക്കര്‍ ഭൂമി പ്രളയമെടുത്തു. വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. പുരയിടത്തിന് ചുറ്റും ക്യഷിയിറക്കിയ റബ്ബര്‍, കുരുമുളക്, വാഴ, ജാതി, തെങ്ങ് തുടങ്ങി എല്ലാ ക്യഷിയും പൂര്‍ണ്ണമായി ഒലിച്ചുപോയി. 

ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന വീട്ടുപകരണങ്ങളും പൂര്‍ണ്ണമായി നശിച്ചു. മലപോലെ ഒഴുകിയെത്തിയ ഉരുള്‍പ്പൊട്ടല്‍ കണ്ട് പേടിച്ച് ഓടിമാറിയതിനാല്‍ ജീവന്‍ നഷ്ടപ്പെട്ടില്ല. തന്‍റെ ആയുഷ്‌കാലം മുഴുവനുണ്ടാക്കിയ സ്വത്തുകള്‍ പൂര്‍ണമായും ഇല്ലാതായതായി ജോണ്‍ പറയുന്നു. സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം റവന്യു, ക്യഷി അധിക്യതര്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തിയെങ്കിലും 1.2 ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്നും ജോണ്‍ കൂട്ടിച്ചേര്‍ത്തു.