ഗതികെട്ടാണ് ജോസ് കുടിയിറങ്ങിയത്. പാട്ടത്തിനെടുത്ത് വാഴക്കൃഷിയിറക്കി. അതിനിടയിൽ കൂലിപ്പണിക്ക് പോയി. രക്ഷയുണ്ടായില്ല.
കണ്ണൂര്‍: വന്യമൃഗശല്യത്തിന്‍റെയും കൃഷിനാശത്തിന്‍റെയും ഇരയായി, ജീവനൊടുക്കേണ്ടി വന്ന മലയോര കർഷകരിൽ ഒരാളായി കണ്ണൂർ നടുവിലിലെ ജോസും. മലഞ്ചെരിവിലെ ഭൂമിയും വീടും വന്യമൃഗശല്യം കൊണ്ട് ഉപേക്ഷിച്ച് കുടിയിറങ്ങിയതാണ് കുടുംബം. പാട്ടത്തിനെടുത്ത് ചെയ്ത വാഴക്കൃഷിയും നശിച്ചതോടെ ജോസിന്‍റെ ഉപജീവനം പ്രതിസന്ധിയിലായിരുന്നു.
വീടെന്ന് പറയാന്‍ പറ്റാത്ത കൂരയാണ് ജോസിന്‍റേത്. 10 സെന്‍റിൽ തട്ടിക്കൂട്ടിയ ഒന്ന്. നൂലൂട്ടാംപാറയിലെ ഈ ഇടുങ്ങിയ ജീവിതത്തിലേക്ക് കുടുംബം മാറിയത് മൂന്ന് വർഷം മുമ്പാണ്. അതുവരെ അവർക്കൊരു വീടും അരയേക്കർ മണ്ണുമുണ്ടായിരുന്നു. പന്നിശല്യം കാരണം കൃഷി ചെയ്യാനാവില്ല, ഇവിടെ ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് മരിച്ച ജോസിന്‍റെ ബന്ധു ജോയി പറഞ്ഞു.
ഗതികെട്ടാണ് ജോസ് കുടിയിറങ്ങിയത്. പാട്ടത്തിനെടുത്ത് വാഴക്കൃഷിയിറക്കി. അതിനിടയിൽ കൂലിപ്പണിക്ക് പോയി. രക്ഷയുണ്ടായില്ല. അടവുതെറ്റിയ ലക്ഷങ്ങളുടെ വായ്പകൾക്കൊപ്പം ഭാര്യയുടെ അസുഖവും കൂടിയായതോടെ ജോസ് തകർന്നു. മുടക്കിയതൊന്നും തിരിച്ചുകിട്ടാതെ, നഷ്ടക്കണക്കിലേക്കുളള അധ്വാനവുമായി മടങ്ങേണ്ടി വരുന്ന മലയോര കർഷകരുടെ കൂട്ടത്തിലേക്ക് ജോസും.

