കോട്ടയം: ജോസ് കെ മാണി വിഭാഗവും ജോസഫ് വിഭാഗവും നേരിട്ടേറ്റുമുട്ടിയ അകലക്കുന്നത്ത് പഞ്ചായത്തിലെ ആറാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ ജോസ് വിഭാഗത്തിന് വിജയം. രണ്ടില ചിഹ്നത്തിൽ മത്സരിച്ച ജോസഫ് വിഭാഗത്തിന് തോൽവി തിരിച്ചടിയാണ്. 

ഫുട്ബോൾ ചിഹ്നത്തിൽ മത്സരിച്ച  ജോസ് കെ മാണി പക്ഷം നേതാവ് ജോർജ് തോമസാണ് വിജയി. ആകെ 621 വോട്ടുകളുള്ള പുവത്തിളപ്പ് വാർഡിൽ 320 വോട്ടും ജോർജ് തോമസ് നേടി. ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായ ബിപിൻ തോമസിന് 257 വോട്ടുകളാണ് ലഭിച്ചത്. ആകെ നാല് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചപ്പോൾ ഇരുവിഭാഗവും രണ്ടില ചിഹ്നത്തിനായി അവകാശവാദം ഉന്നിയിച്ചുവെങ്കിലും പാർട്ടി വർക്കിംഗ് ചെയർമാൻ എന്ന നിലയിൽ പിജെ ജോസഫിന്‍റെ ഒപ്പോട് കൂടിയ അപേക്ഷ സമർപ്പിച്ച ജോർജ്ജ് തോമസിനാണ് ചിഹ്നം അനുവദിച്ചത്. 

രണ്ടില ചിഹ്നമില്ലാഞ്ഞിട്ട് കൂടി വിജയിക്കാനായതിന്‍റെ ആഹ്ളാദത്തിലാണ് ജോസ് വിഭാഗം. വിജയപ്രഖ്യാപനത്തിന് പിന്നാലെ പ്രവർത്തകർ ജോസ് കെ മാണിക്കും യുഡിഎഫിനും അഭിവാദ്യമർപ്പിച്ച് മുദ്രാവാക്യം വിളിച്ചു. ജോസ് വിഭാഗം നേതാവും പഞ്ചായത്ത് പ്രസിഡണ്ടും ആയിരുന്ന ബേബി പന്തലാനി മരിച്ച  ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.