Asianet News MalayalamAsianet News Malayalam

'നക്‌സല്‍ ദിനങ്ങള്‍' കൈവശം വെച്ചതിന് ജേണലിസം വിദ്യാര്‍ഥിനിയെ മണിക്കൂറുകളോളം സ്‌റ്റേഷനിലിരുത്തി ചോദ്യം ചെയ്ത് പൊലീസ്

 നിരവധി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തി ചോദ്യം ചെയ്‌തെന്ന് ശബാന പറഞ്ഞു. പിന്നീട് ഏറെ വൈകി നാല് മണിയോടെ വഴിക്കടവ് പൊലീസില്‍ നിന്നും വിവരങ്ങള്‍ ലഭിച്ച ശേഷമാണ് പെണ്‍കുട്ടിയെ വിട്ടയച്ചത്. 

journalist student was questioned by police for get the book Naxal Days from her bag
Author
Kalpetta, First Published Apr 4, 2019, 6:57 PM IST

കല്‍പ്പറ്റ: ആര്‍ കെ ബിജുരാജിന്‍റെ 'നക്‌സല്‍ ദിനങ്ങള്‍' എന്ന പുസ്തകം കൈവശം വെച്ച വിദ്യാര്‍ഥിനിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയച്ചു. കല്‍പ്പറ്റ എന്‍ എം എസ് എം ഗവണ്‍മെന്‍റ് കോളേജിലെ ജേര്‍ണലിസം ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ ശബാന നസ്‌റിന്‍ എന്ന വിദ്യാര്‍ഥിനിക്കാണ് ലൈബ്രറിയില്‍ നിന്ന് വായിക്കാനെടുത്ത പുസ്തകത്തിന്‍റെ പേരില്‍ ദുരനുഭവം ഉണ്ടായത്. 

നിലമ്പൂര്‍ വഴിക്കടവ് സ്വദേശിയായ ശബാന നസ്‌റിന്‍ രാവിലെ പത്തരയോടെ സുഹൃത്തിനെ കാത്ത് റോഡരികില്‍ നില്‍ക്കവെ പൊലീസ് എത്തി ചോദ്യം ചെയ്യുകയായിരുന്നു. പിന്നീട് വെരിഫിക്കേഷന്‍ എന്ന പേരില്‍ വാഹനത്തില്‍ കയറ്റി. വനിതാ പൊലീസുകാര്‍ ബാഗ് പരിശോധിച്ചപ്പോഴാണ് മാധ്യമപ്രവര്‍ത്തകന്‍ ആര്‍ കെ ബിജുരാജ് എഴുതി ഡി സി ബുക്ക്സ്  പ്രസിദ്ധീകരിച്ച ' നക്‌സല്‍ ദിനങ്ങള്‍ ' എന്ന പുസ്തകം കണ്ടെത്തിയത്. 

കേരളത്തിലെ നക്‌സല്‍ ചരിത്രം പ്രതിപാദിക്കുന്നതാണ് പ്രസ്തുത പുസത്കം. ഇതോടെ വാഹനത്തില്‍ നിന്ന് ശബാന നസ്‌റിന്‍ ഇറക്കാതെ കല്‍പ്പറ്റ സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നുവെന്ന് വിദ്യാര്‍ഥിനി പറഞ്ഞു. പിന്നീട് വിവരമറിഞ്ഞ് സുഹൃത്തുക്കളെത്തി എന്താണ് കേസെന്ന് അന്വേഷിച്ചെങ്കിലും കരുതല്‍ അറസ്റ്റ് ആണെന്നായിരുന്നു പൊലീസ് അറിയിച്ചത്. 

ഇതിനിടെ നിരവധി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തി ചോദ്യം ചെയ്‌തെന്ന് ശബാന പറഞ്ഞു. പിന്നീട് ഏറെ വൈകി നാല് മണിയോടെ വഴിക്കടവ് പൊലീസില്‍ നിന്നും വിവരങ്ങള്‍ ലഭിച്ച ശേഷമാണ് പെണ്‍കുട്ടിയെ വിട്ടയച്ചത്. സാമൂഹ്യപ്രവര്‍ത്തകരായ രണ്ട് പേരുടെ ഉറപ്പിലായിരുന്നു വിട്ടയക്കല്‍. അതേ സമയം പൊലീസ് ഈ സംഭവത്തെ കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇസൈഡ് കാറ്റഗറി സുരക്ഷയുള്ള കോണ്‍ഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി വയനാട്ടില്‍ മത്സരിക്കാനായി പത്രിക നല്‍കിയതോടെ പൊലീസ് എല്ലാവരെയും സംശയത്തോടെയാണ് നോക്കുന്നതെന്ന് ആരോപണമുണ്ട്. മാര്‍ച്ച് ന് വൈത്തിരി ഉപവന്‍ റിസോട്ടില്‍ സി പി ജലീല്‍ എന്ന് മാവോയിസ്റ്റ് നേതാവിലെ വെടിവച്ച് കൊന്നതോടെ മാവോയിസ്റ്റ് വേട്ടയില്‍ പൊലീസ് ഏറെ കരുതലിലാണ്.  

ശബാന നസ്‌റിന്‍ പറഞ്ഞത്  :

ഒരു സാധാരണ കേസില്‍ പോലും ഇതുവരെ പ്രതിയായിട്ടില്ലാത്ത തന്നെ മണിക്കൂറുകളോളമാണ് പൊലീസ് തടഞ്ഞുവെച്ചത്. സുരക്ഷിതമായ ഇന്ത്യയെന്നാണ് പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്ന രാഹുല്‍ഗാന്ധി വയനാട്ടിലെത്തി പറഞ്ഞത്. എന്നാല്‍ അദ്ദേഹത്തിന്‍റെ സന്ദര്‍ശന ദിവസം തന്നെ വേദനിപ്പിക്കുന്ന തരത്തിലാണ് പൊലീസ് തന്നോട് പെരുമാറിയത്. പുസ്തകങ്ങള്‍ വായിച്ചു തീരുന്നത് വരെ ബാഗില്‍ കൊണ്ടു നടക്കുന്ന പതിവുണ്ട്. നക്‌സല്‍ ചരിത്രം പറയുന്ന പുസ്തകം ബാഗില്‍  കണ്ടെത്തിയാല്‍ ഒരാളെ അറസ്റ്റ് ചെയ്യാമെങ്കില്‍ എന്ത് തരത്തിലുള്ള സുരക്ഷയാണ് രാഹുല്‍ഗാന്ധി അടക്കമുള്ളവര്‍ മുന്നോട്ട് വെക്കുന്നത്. മുമ്പ് എസ് എഫ് ഐ പ്രവര്‍ത്തകയായിരുന്നു. ഇപ്പോള്‍ പ്രത്യേകിച്ച് ഒരു സംഘടനയോടും അടുപ്പമില്ല. പക്ഷേ അനുഭാവിയാണ്. ആദിവാസികളുടെ ജീവിതാവസ്ഥ ചര്‍ച്ച ചെയ്യുന്ന സെമിനാറില്‍ മുന്‍പ് പങ്കെടുത്തിട്ടുണ്ടെന്നും ശബാന നസ്‌റിന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios