ഡ്രൈവര്‍ കാബിന് മുകളിൽ 50 കിലോ വരെ സൂക്ഷിക്കാവുന്ന രഹസ്യ അറ 'ദോസ്ത്' പരിശോധിച്ചപ്പോൾ പിടിച്ചത് 42 കിലോ കഞ്ചാവ്
പാലക്കാട്: ശോക് ലൈലാൻഡ് ദോസ്ത് പിക്കപ്പ് വാനിൽ കടത്തിയ 42 കിലോ കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ റ്റി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സ്റ്റേറ്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരോടൊപ്പം പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് ഇൻസ്പെക്ടറും സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് വമ്പൻ കഞ്ചാവ് വേട്ട. പുറമെ നോക്കുമ്പോൾ പിക്കപ്പ് വാനിൽ ഒന്നുമില്ലെങ്കിലും കൂടുതൽ പരിശോധനയിലാണ് കള്ളം പൊളിഞ്ഞത്.
പാലക്കാട് വാളയാർ ഭാഗത്ത് വച്ചായിരുന്നു KL-65-S-6545 എന്ന നമ്പറുള്ള അശോക് ലൈലാൻഡ് ദോസ്ത് പിക്കപ്പ് വാൻ കണ്ടത്. പുറത്തൊന്നുമില്ല, പിന്നീട് ഡ്രൈവർ ഇരിക്കുന്ന ഭാഗത്തെ ക്യാബിനിന് മുകളിലെ രഹസ്യ അറ പരിശോധിച്ചപ്പോൾ കളിമാറി. ഡ്രൈവറുടെ തലയ്ക്ക് മുകളിൽ സൂക്ഷിച്ച് കടത്തിക്കൊണ്ടു വന്നത് 42 കിലോയോളം കഞ്ചാവാണ്. ഡ്രൈവര്‍ കാബിന് മുകളിൽ ഉള്ള അറ കണ്ടെത്തിയതോടെയാണ് വമ്പൻ കഞ്ചാവ് വേട്ടയിലേക്ക് വഴിതെളിച്ചത്.
സംഭവത്തിൽ മലപ്പുറം എആർ നഗർ സ്വദേശിയായ നൗഷാദിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കേസ് കണ്ടെടുത്ത പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ റ്റി അനികുമാറിനെ കൂടാതെ എക്സൈസ് ഇൻസ്പെക്ടർമാരായ റ്റി ആർ മുകേഷ് കുമാർ, എസ് മധുസൂദനൻ നായർ, കെ ആർ അജിത്ത്, പ്രിവന്റീവ് ഓഫീസർമാരായ എസ് ജി സുനിൽ, പി അജിത്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം വിശാഖ്, കെ മുഹമ്മദലി, പി സുബിൻ, എം എം അരുൺകുമാർ, ബസന്ത് കുമാർ, രജിത്ത്. ആർ നായർ, അഹമ്മദ് കബീർ, വിനു, സതീഷ് കുമാർ, പ്രസാദ് വനിത സിവിൽ എക്സൈസ് ഓഫീസർ സംഗീത എക്സൈസ് ഡ്രൈവർമാരായ കെ രാജീവ്, വിനോജ് ഖാൻ സേട്ട് എന്നിവരും പങ്കെടുത്തു.
