കൊച്ചി: കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ നല്‍കി വരുന്ന അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ് ഇന്‍ സോഷ്യല്‍ സര്‍വ്വീസസിന്റെ ഈ വര്‍ഷത്തെ മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് തിരുവനന്തപുരം ജില്ലയില്‍  പ്രവര്‍ത്തിക്കുന്ന ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് സ്ഥാപകനും ചെയര്‍മാനുമായ  കെ. എന്‍ ആനന്ദകുമാര്‍ കരസ്ഥമാക്കി. മികച്ച സാമൂഹിക സംഘടനയ്ക്കുള്ള 2 ലക്ഷം രൂപയും ഫലകവും  തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പാലിയം ഇന്ത്യക്ക് വേണ്ടി ചെയര്‍മാന്‍ പത്മശ്രീ ഡോ. എം.ആര്‍ രാജഗോപാലും ഏറ്റുവാങ്ങി.
 
മെറിറ്റ് അവാര്‍ഡുകളും, പ്രശസ്തി പത്രവും അടങ്ങുന്ന മികച്ച പ്രവര്‍ത്തനത്തിനുള്ള വ്യക്തിഗത അവാര്‍ഡ് തിരുവനന്തപുരം സ്വദേശിനി എസ്.ലത നായര്‍, മലപ്പുറം സ്വദേശിനി എ. യാസ്മിന്‍, പാലക്കാട് സ്വദേശികളായ സിഫിയ ഹനീഫ്, അലി പാലത്തിങ്കല്‍, തൃശൂര്‍ സ്വദേശി റെവ.ഫാ.തോമസ് പൂപ്പാടി  എന്നിവര്‍ നേടിയപ്പോള്‍  സംഘടനാ വിഭാഗത്തില്‍ എറണാകുളം ബട്ടര്‍ഫ്‌ളൈ ക്യാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍, കോതമംഗലം സ്‌നേഹസദന്‍, മലപ്പുറം വെട്ടം കലാ സാംസ്‌കാരിക സമിതി , കണ്ണൂര്‍ തിരുരക്താശ്രമം എന്നിവരും  അവാര്‍ഡ്  നേടി .  കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും ലഭിച്ച നിരവധി അപേക്ഷകളില്‍ നിന്നുമാണ് ജഡ്ജിംഗ് കമ്മറ്റി മികച്ച  സാമൂഹ്യ പ്രവര്‍ത്തകനേയും, സംഘടനയേയും തിരഞ്ഞെടുത്തത്.  

ജാതിമത രാഷ്ട്രീയ ഭേദമില്ലാതെ പാവപ്പെട്ടവര്‍ക്കും  പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ലാഭേച്ഛയോ, സ്വാര്‍ത്ഥ താല്‍പര്യങ്ങളോ ഇല്ലാതെ സേവനം നല്‍കുന്ന വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും വേണ്ടി കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ നാലാമത് എക്‌സലന്‍സ് ഇന്‍ സോഷ്യല്‍ സര്‍വീസ് അവാര്‍ഡുകള്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ സാമൂഹിക സംഘടനാ പ്രവര്‍ത്തകരുടെയും, സന്നദ്ധ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍   ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വിതരണം ചെയ്തു. 

ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഷീല കൊച്ചൗസേപ്പ് അവാര്‍ഡിനോടനുബന്ധിച്ച്  പ്രകാശനം ചെയ്ത ന്യൂസ് ലെറ്റര്‍ വി ഗാര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പിള്ളി ഏറ്റുവാങ്ങി. കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ജോര്‍ജ്ജ് സ്ലീബ, ഡയറക്ടര്‍ ജേക്കബ് കുരുവിള, മാനേജര്‍ ബെന്റ്‌ലി താടിക്കാരന്‍ തുടങ്ങിയവരും പങ്കെടുത്തു.