Asianet News MalayalamAsianet News Malayalam

ഉദയം പദ്ധതിക്ക് അംഗീകാരം നല്‍കാന്‍ നടപടിയുണ്ടാകും: മന്ത്രി കെ കെ ശൈലജ

ജില്ലയിലെ കൊവിഡ്  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ചികിത്സാ സൗകര്യങ്ങള്‍, എന്നിവ സംബന്ധിച്ച്  ഓണ്‍ലൈനായി നടത്തിയ അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
 

k k shailaja on udayam rehabilitation project
Author
Kozhikode, First Published Oct 24, 2020, 10:35 PM IST

കോഴിക്കോട്: കൊവിഡ് വ്യാപിച്ചതിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും നിയന്ത്രണങ്ങളും കാരണം ദുരിതത്തിലായ തെരുവില്‍ കഴിയുന്നവര്‍ക്ക് വേണ്ടി കോഴിക്കോട് ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച ഉദയം പുനരധിവാസപദ്ധതിക്ക് സര്‍ക്കാര്‍  അംഗീകാരത്തിനായി നടപടി സ്വീകരിക്കുമെന്നു ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 

ജില്ലയിലെ കൊവിഡ്  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ചികിത്സാ സൗകര്യങ്ങള്‍, എന്നിവ സംബന്ധിച്ച്  ഓണ്‍ലൈനായി നടത്തിയ അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. യോഗത്തില്‍ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനും സന്നിഹിതനായിരുന്നു. ഗവ. മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ ജൂനിയര്‍ ഡോക്ടര്‍മാരെയായിരുന്നു ആദ്യ ഘട്ടത്തില്‍ കോവിഡ് ചികിത്സാരംഗത്ത് നിയമിച്ചിരുന്നത്.

രോഗികളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ ആവശ്യമുള്ളതായും വേണ്ട നടപടി സ്വീകരിക്കണമെന്നും  യോഗം അഭ്യര്‍ത്ഥിച്ചു. കോവിഡ് പരിശോധനകള്‍ക്കും എഫ്എല്‍ടിസി കളിലെ ചികിത്സക്കുമായി ഡോക്ടര്‍മാരെ കൂടുതലായി ആവശ്യമുള്ളതിനാല്‍ ഫാമിലി ഹെല്‍ത്ത് സെന്ററുകളിലെ ഈവനിംഗ് ഒ.പി യിലെ ഡോക്ടര്‍മാരെ  എഫ്എല്‍ടി സി, എസ്എല്‍ടിസി കളിലേക്ക് നിയോഗിക്കും. ഗുരുതരാവസ്ഥയിലുള്ള കോവിഡ്  രോഗികളുടെ ചികിത്സക്ക് ആവശ്യമായ ഐസിയു സൗകര്യങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി  പ്രത്യേക യോഗം ചേരും.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പി.എം.എസ്.എസ്.വൈ പദ്ധതിയില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കി നവംബര്‍ ഒന്നിന് തന്നെ ഉദ്ഘാടനം നിര്‍വഹിക്കും. നിലവിലെ സാഹചര്യത്തില്‍ കെട്ടിടം കൊവിഡ് ചികിത്സാ കേന്ദ്രമായാണ് പ്രവര്‍ത്തിക്കുക. മാവൂര്‍ തെങ്ങിലക്കടവില്‍ ആരോഗ്യവകുപ്പിന് കീഴിലുള്ള കെട്ടിടം നവീകരിച്ചു കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റും. കാന്‍സര്‍ കെയര്‍ സെന്ററിനായി സ്വകാര്യ വ്യക്തികള്‍ വിട്ടുകൊടുത്ത ഈ കെട്ടിടവും അനുബന്ധ ഭൂമിയും പിന്നീട് കാന്‍സര്‍ ചികിത്സാസംബന്ധമായ ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തും. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കി.

തെരുവുകളില്‍ നിന്ന് കണ്ടെത്തി താല്‍ക്കാലിക കേന്ദ്രങ്ങളിലായി പുനരധിവസിപ്പിച്ചിരിക്കുന്നവര്‍ക്ക് തുടര്‍ ചെലവുകള്‍ക്കായി പണം സ്‌പോണ്‍സര്‍ഷിപ്പിലൂടെ സമാഹരിക്കാന്‍ തീരുമാനമായി.  ഇതിനായി ജില്ലാ കലക്ടര്‍ ചെയര്‍മാനായി ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിക്കും.  ജില്ലയിലെ സഹകരണ സ്ഥാപനങ്ങളുടെ സഹായം തേടും. 

വീഡീയോ കോണ്‍ഫറന്‍സില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു, ജില്ലാ പോലീസ് മേധാവി എ.വി ജോര്‍ജ്, ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. നവീന്‍, അഡിഷണല്‍ ഡി.എം.ഒ ഡോ. രാജേന്ദ്രന്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി. ആര്‍ രാജേന്ദ്രന്‍, പഞ്ചായത്ത് ഡെ. ഡയറക്ടര്‍ ഷാജി ജോസഫ് എന്നിവര്‍ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios