ബിനാലെയോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും ബൈക്ക് പെട്രോളിംഗ് ശക്തമാക്കുമെന്നും പൊലീസ് യോഗത്തെ അറിയിച്ചു. മട്ടാഞ്ചേരി ഫോര്‍ട്ടുകൊച്ചി  പ്രദേശത്തെ റോഡുകള്‍ അടിയന്തിര പ്രാധാന്യത്തോടെ നന്നാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു

കൊച്ചി: പ്രളയശേഷം വിനോദ സഞ്ചാര മേഖല നേരിടുന്ന മാന്ദ്യത്തിൽ നിന്ന് കരകയറാന്‍ കൊച്ചി- മുസിരിസ് ബിനാലെ സഹായിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബിനാലെയുടെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്ത ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഡിസംബർ 12 ന് തുടങ്ങുന്ന നാലാമത് കൊച്ചി മുസിരിസ് ബിനാലെയിൽ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ കലാസ്വാദകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംഘാടനം കുറ്റമറ്റതാക്കാനാണ് മന്ത്രി നേരിട്ടെത്തിയത്. ബിനാലെ നടക്കുന്ന സ്ഥലങ്ങള്‍ പ്ലാസ്റ്റിക് രഹിത പ്രദേശമായി പ്രഖ്യാപിക്കും. മാലിന്യനിര്‍മാര്‍ജനം കുറ്റമറ്റതാക്കാന്‍ കൊച്ചി നഗരസഭയ്ക്ക് മന്ത്രി നിര്‍ദേശം നല്കി. ബിനാലെയിലെത്തുന്ന കാണികളുടെ യാത്രാസൗകര്യം ഉറപ്പുവരുത്താൻ ബോട്ട് സര്‍വീസുകളുടെയും ബസ് സര്‍വീസുകളുടെയും എണ്ണം കൂട്ടും. രാത്രി അവശ്യത്തിന് സർവീസ് നടത്താൻ മന്ത്രി കെഎസ്ആര്‍ടിസിയോടും ജലഗതാഗത വകുപ്പിനോടും നിർദ്ദേശിച്ചു.

ബിനാലെയോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും ബൈക്ക് പെട്രോളിംഗ് ശക്തമാക്കുമെന്നും പൊലീസ് യോഗത്തെ അറിയിച്ചു. മട്ടാഞ്ചേരി ഫോര്‍ട്ടുകൊച്ചി പ്രദേശത്തെ റോഡുകള്‍ അടിയന്തിര പ്രാധാന്യത്തോടെ നന്നാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. വിമാനത്താവളത്തിലും റെയില്‍വേ സ്‌റ്റേഷനുകളിലും ബിനാലെ സംബന്ധിച്ച് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കാനും യോഗത്തിൽ തീരുമാനമായി. 32 രാജ്യങ്ങളില്‍ നിന്നായി 138 കലാകാരന്മാരുടെ 94 പ്രൊജക്ടുകളാണ് ഇത്തവണത്തെ ബിനാലെയില്‍ പ്രദര്‍ശിപ്പിക്കുന്നത്.