വണ്ടി നിർത്താനുള്ള ശ്രമത്തിനിടെയാണ് മുഹമ്മദ് ബാദുഷ ലോറികൾക്ക് ഇടയിൽ അകപ്പെട്ടത്
കൊല്ലം: കടയ്ക്കൽ കല്ലുതേരിയിൽ ടിപ്പർ ലോറികൾക്കിടയിൽ പെട്ട് ഡ്രൈവർ മരിച്ചു. അഞ്ചൽ കരുകോൺ സ്വദേശി മുഹമ്മദ് ബാദുഷയാണ് മരിച്ചത്. ടിപ്പർ ലോറിയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടം. പണി നടക്കുന്നതിനിടെ ലോറി മുന്നോട്ട് നീങ്ങി. എതിർ ദിശയിൽ നിന്ന് വന്ന മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ചു. വണ്ടി നിർത്താനുള്ള ശ്രമത്തിനിടെയാണ് മുഹമ്മദ് ബാദുഷ ലോറികൾക്ക് ഇടയിൽ അകപ്പെട്ടത്.
നിർത്തിയിട്ട ചരക്ക് ലോറിക്ക് പിന്നിൽ ലോറിയിടിച്ച് ഒരാൾ മരിച്ചു
കൊല്ലം: കൊട്ടാരക്കര മൈലത്ത് എം സി റോഡിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ച് കയറി ഒരാൾ മരിച്ചു. ചരക്ക് ലോറിയിലെ സഹായി ചെങ്കോട്ട സ്വദേശി അറുമുഖ സ്വാമിയാണ് മരിച്ചത്. ലോറിക്കുള്ളിൽ കുടുങ്ങിയ അറുമുഖ സ്വാമിയെ വാഹനം പൊളിച്ചാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
കുമ്പളത്ത് പഞ്ചായത്ത് ഓഫീസ് വളപ്പിൽ ഒരാൾ മരിച്ച നിലയിൽ; കൊലപാതകമെന്ന് നിഗമനം
കൊച്ചി: കുമ്പളം പഞ്ചായത്ത് ഓഫീസ് വളപ്പിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. പനങ്ങാട് സ്വദേശി രഞ്ജിത്താണ് മരിച്ചത്. രഞ്ജിത്തിന്റെ മുഖത്ത് മർദനമേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.
തിരുവല്ലയിൽ നെൽകർഷകൻ ജീവനൊടുക്കി
തിരുവല്ല: കർഷകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല നിരണം സ്വദേശി രാജീവാണ് (49) മരിച്ചത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. കൃഷി ആവശ്യത്തിന് രാജീവ് ബാങ്കിൽ നിന്നും വായ്‌പ എടുത്തിരുന്നു. കൃഷി നഷ്ടമായതിനെ തുടർന്ന് കട ബാധ്യത ഉണ്ടായിരുന്നു. കഴിഞ്ഞ തവണ നെൽകൃഷി നഷ്ടത്തിലായി. ഇത്തവണ വേനൽമഴയിൽ എട്ട് ഏക്കർ കൃഷി നശിച്ചു. ഇന്ന് രാവിലെ നെൽപ്പാടത്തിന്റെ കരയിലാണ് രാജീവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
