ഡിജിറ്റലൈസേഷനുള്‍പ്പെടെയുള്ള ആധുനിക സങ്കേതങ്ങളിലൂടെ പുരാരേഖകളെ സംരക്ഷിക്കുന്ന നിലപാടുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മന്ത്രി.
തിരുവനന്തപുരം: ഒരു കോടിയോളം താളിയോലകളടക്കം ഉള്‍പ്പെടുന്ന അമൂല്യ ചരിത്ര ശേഖരമാണ് കേരളത്തിന്റെ പുരാരേഖ വകുപ്പിലുള്ളതെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. തിരുവനന്തപുരത്തെ താളിയോല മ്യൂസിയവും വൈക്കം സത്യാഗ്രഹ മ്യൂസിയവും രാജ്യത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ ആര്‍ക്കൈവ്സില്‍ സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
'പുതുതലമുറ അറിയേണ്ട അമൂല്യ വിവരങ്ങള്‍ വകുപ്പിലുണ്ട്. ഇത് പൊതുജനങ്ങള്‍ക്ക് പരമാവധി ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ നയം. ഭൂതകാലത്തിലെ അമൂല്യമായ ചരിത്ര രേഖകള്‍ പരമാവധി പൊതു സമൂഹത്തിലെത്തുകയും ചര്‍ച്ച ചെയ്യപ്പെടുകയും വേണം. പൗരന്‍ എന്ന നിലയില്‍ ഒരോ വ്യക്തിയും ചരിത്ര വസ്തുതകളെ ഉള്‍ക്കൊള്ളണം.' ഡിജിറ്റലൈസേഷനുള്‍പ്പെടെയുള്ള ആധുനിക സങ്കേതങ്ങളിലൂടെ പുരാരേഖകളെ സംരക്ഷിക്കുന്ന നിലപാടുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മന്ത്രി അറിയിച്ചു.
21 വരെ നടക്കുന്ന മ്യൂസിയം ദിനാഘോഷങ്ങളുടെ ഭാഗമായി ആര്‍ക്കൈവ്സ് പ്രസിദ്ധീകരിച്ച അപൂര്‍വ്വമായ ചരിത്ര പുസ്തകങ്ങളുടെ പ്രദര്‍ശന വിപണന മേള, ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഫോര്‍ട്ട് സെന്റ് ജോര്‍ജ് ഗസറ്റ് (1856), ഇന്ത്യാ ഗസറ്റ് (1867), മൈസൂര്‍ ഗസറ്റ് (1915). തിരുവിതാംകൂര്‍ ഗസറ്റ് (1920), തിരുവിതാംകൂര്‍-കൊച്ചി ഗസറ്റ് (1953), കൊച്ചിന്‍ ഗസറ്റ് (1868) ഐക്യകേരളം രൂപീകൃതമായതിനുശേഷം പുറത്തിറക്കിയ കേരള സംസ്ഥാനത്തിന്റെ ആദ്യത്തെ കേരള ഗസറ്റ് (1956) തുടങ്ങിയവയുടെ പ്രദര്‍ശനം, ഹെറിറ്റേജ് ഡോക്യുമെന്ററി മേള, ചരിത്രാവബോധം പൊതുജനങ്ങളില്‍ സൃഷ്ടിക്കുന്നതിനായി വകുപ്പ് തയ്യാറാക്കിയ ഡോക്യുമെന്ററികളുടെ പ്രദര്‍ശനം, അപൂര്‍വ്വവും പുരാതനവുമായ ചരിത്രരേഖകള്‍, ശാസ്ത്രീയ സംരക്ഷണം നടത്തുന്ന മാര്‍ഗങ്ങള്‍ മനസിലാക്കുന്നതിനും സ്വകാര്യ വ്യക്തികള്‍ക്ക് അവരുടെ കൈവശമുള്ള അമൂല്യമായ ചരിത്രരേഖകള്‍ക്ക് പ്രാഥമികമായ ശാസ്ത്രീയ സംരക്ഷണം ലഭ്യമാക്കുന്നതിനുമുള്ള കണ്‍സര്‍വേഷന്‍ ക്ലിനിക്ക് എന്നിവ സംഘടിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

