കൈനകരി ബേക്കറി ജംഗ്ഷനിലെ പാലനിര്‍മ്മാണം തുടക്കം മുതലേ സമീപവാസിയായ ഐസക്ക് കാളാശേരി എതിര്‍ത്തിരുന്നു. ഇയാളാണ് ആക്രമത്തിന് പിന്നിലെന്നാണ് ആരോപണം. 

ആലപ്പുഴ: പാലം നിര്‍മ്മാണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടർന്ന് കൈനകരി പഞ്ചായത്തംഗത്തിന് മര്‍ദനമേറ്റു. പഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാനായ കെ പി രാജീവിനാണ് പരിക്കേറ്റത്. രാജീവ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൈനകരി ബേക്കറി ജംഗ്ഷനിലെ പാലനിര്‍മ്മാണം തുടക്കം മുതലേ സമീപവാസിയായ ഐസക്ക് കാളാശേരി എതിര്‍ത്തിരുന്നു. ഇയാളാണ് ആക്രമത്തിന് പിന്നിലെന്നാണ് ആരോപണം. 

ഏത് വിധേനയും പാലനിര്‍മ്മാണം തടസപ്പെടുത്താന്‍ ഐസക് പലശ്രമങ്ങളും നടത്തുകയുണ്ടായി. പഞ്ചായത്തിലെ 4,5,7,8 വാര്‍ഡുകളിലെ രണ്ടായിരത്തിലധികം ജനങ്ങള്‍ക്ക് യാത്രാക്ലേശം പരിഹരിക്കുന്നതിനാണ് ബേക്കറി ജംഗ്ഷനില്‍ പാലം നിര്‍മ്മിച്ചത്. ഈ ഭാഗത്തുള്ളവര്‍ കടത്തുവള്ളത്തെയായിരുന്നു ആശ്രയിച്ചിരുന്നത്. പാലം നിര്‍മ്മാണ പ്രവൃത്തികളില്‍ തുടക്കം മുതല്‍ സജീവമായതിനാലാണ് ഐസക് രാജീനെ ആക്രമിച്ചത്. 

കൈനകരി പഞ്ചായത്തിലെ സെന്‍റ് മേരീസ് സ്കൂള്‍, ഹോളി ഫാമിലി സ്കൂള്‍, കുട്ടമംഗലം എസ് എന്‍ വി സ്കൂളിലെ കുട്ടികള്‍ക്ക് പാലം വന്നതോടെ കടത്തിനെ ആശ്രയിക്കാതെ സ്കൂളുകളില്‍ പോകാനാകും. പാലം പണി അവസാനഘട്ടത്തിലാണ്. അപ്രോച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് വാഹനങ്ങള്‍ക്ക് കടന്നു പോകുന്ന സൗകര്യത്തിനായുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. പാലത്തില്‍ കൂടി വാഹനങ്ങള്‍ കടന്ന് പോകുന്നത് തടയണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് പ്രശ്നങ്ങള്‍ നിലനിന്നിരുന്നു.