കല്‍പ്പറ്റ: ദേശീയപാത 766 കടന്നുപോകുന്നുണ്ടെങ്കിലും വിരലിലെണ്ണാവുന്നവര്‍ മാത്രം ഒത്തുകൂടുന്ന ഒരു മുക്കവലയാണ് കല്ലൂര്‍ 67. വലിയ കെട്ടിടങ്ങളില്ല. രണ്ട് ചായക്കടകളും മറ്റു രണ്ട് സ്ഥാപനങ്ങളും മാത്രമാണ് ഈ മുക്കവലയില്‍ പ്രവര്‍ത്തിക്കുന്നത്. രാത്രിയാത്ര നിരോധനം ഉള്ളതിനാല്‍ വാഹനത്തിരക്കെന്നത് വര്‍ഷങ്ങളായി ഈ പാതക്ക് അന്യമാണ്. ഒന്ന് വൈദ്യുതി പോയാലോ മറ്റെന്തെങ്കിലും പ്രശ്നങ്ങളുണ്ടായാലോ അധികൃതരുടെ നോട്ടം കല്ലൂര്‍ 67ലേക്ക് എത്താന്‍ വൈകും.

പക്ഷേ കൊറോണക്കാലത്താകട്ടെ ഇതൊന്നുമല്ല ഇവിടുത്തെ അവസ്ഥ. മന്ത്രിമാരടക്കമുള്ള ജനപ്രിതിനിധികളും ജില്ലാ കലക്ടറും ദിവസേനയെന്നോണം 67-ല്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മലയാളികളെ പരിശോധിക്കാന്‍ താല്‍ക്കാലിക ആരോഗ്യ കേന്ദ്രം കൂടി വന്നതോടെ പകലും രാത്രിയും അക്ഷരാര്‍ഥത്തില്‍ തിരക്കിലമര്‍ന്നിരിക്കുകയാണ് കല്ലൂര്‍ 67 പ്രദേശം.

വനപ്രദേശമായതിനാല്‍ സന്ധ്യമയങ്ങിയാല്‍ ആളുകള്‍ അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാത്ത നാട്ടില്‍ കഴിഞ്ഞ ദിവസം പുലരും വരെയായിരുന്നു ജനത്തിരക്ക്. താല്‍ക്കാലിക ആശുപത്രി പ്രവര്‍ത്തിച്ച് തുടങ്ങിയതോടെ പ്രദേശത്ത് ദീര്‍ഘനേരമുള്ള വൈദ്യുതി തടസം ഇല്ലാതായെന്ന് നാട്ടുകാര്‍ പറയുന്നു. ഈ റൂട്ടില്‍ എവിടെ തകരാറുണ്ടെങ്കിലും കെഎസ്ഇബി ഉടന്‍ പരിഹരിക്കുന്നുണ്ടെത്രേ.

അതേ സമയം വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മുത്തങ്ങ ചെക്ക്പോസ്റ്റ് വഴി വ്യാഴാഴ്ച പുലര്‍ച്ച വരെ ജില്ലയിലേക്ക് പ്രവേശിച്ചത് 2176 പേരാണ്.  മിനി ആരോഗ്യ കേന്ദ്രത്തിലെ  ആരോഗ്യ പരിശോധനകള്‍ക്കും രേഖകളുടെ പരിശോധനയ്ക്കും ശേഷമാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്.  രാവിലെ എട്ട് മുതല്‍ ആരോഗ്യ കേന്ദ്രം സജീവമാണ്.  മറ്റ് ജില്ലകളിലേക്ക് പോകേണ്ടവരെ പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് കൊണ്ടുപോകുന്നത്.