ഇടുക്കി: ഇടുക്കിയെ മനോഹരിയാക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് രാമക്കല്‍ മേടും, കമ്പംമേട്ടും, തേവാരംമേട്ടുമെല്ലാം. എന്നാല്‍ ഗൂഗിളില്‍ തിരഞ്ഞാല്‍ ഈ സ്ഥലങ്ങള്‍ എല്ലാം തമിഴ്നാട്ടിലാണെന്നാണ് ഗൂഗിള്‍ മാപ്പില്‍ കാണിക്കുക. ഗൂഗിള്‍ മാപ്പിലെ തെറ്റായ വിവരണങ്ങള്‍ തിരുത്താന്‍ നടപടി സ്വീകരിയ്ക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കി. 

മാപ്പിലെ അപാകതകള്‍ പരിഹരിയ്ക്കാന് ഗൂഗിളിന് നിര്‍ദേശം നല്‍കണമെന്ന്, റവന്യു വകുപ്പിനോട് നാട്ടുകാര്‍  നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ തിരുത്തലുണ്ടായില്ല. വിനോദ സഞ്ചാര കേന്ദ്രമായ രാമക്കല്‍മേട്, അതിര്‍ത്തി ചെക് പോസ്റ്റായ കമ്പംമെട്ട്, സമീപ ഗ്രാമങ്ങളായ ശാന്തിപുരം, മൂങ്കിപ്പളം, തേവാരംമെട്ട്, ആനകല്ല് തുടങ്ങിയ പ്രദേശങ്ങളെല്ലാം തമിഴ്‌നാട്ടില്‍ എന്നാണ് ഗൂഗിള്‍ മാപ്പ് കാണിയ്ക്കുന്നത്. 

രാമക്കല്‍മേട്ടിലെ കുറവന്‍ കുറത്തി പ്രതിമയും തമിഴ്‌നാട്ടിലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിര്‍ത്തി മേഖലയില്‍ ഇരു സംസ്ഥാനങ്ങളിലുമായി സ്ഥിതി ചെയ്യുന്ന പല മലനിരകളും തമിഴ്‌നാട്ടിലെന്നാണ് ഗൂഗിള്‍ കാണിയ്ക്കുന്നത്. ഇത് കൂടാതെയാണ് അതിര്‍ത്തി ഗ്രാമങ്ങളില്‍ പലതും തമിഴ്‌നാട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

റവന്യൂ വകുപ്പിനോട് പലതവണ ആവ്യശ്യപ്പെട്ടിട്ടും നടപടി ഉണ്ടാവാതിരുന്നതോടെയാണ് നാട്ടുകാര്‍  മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കിയത്. ഗൂഗിള്‍ മാപ്പിലെ തെറ്റുകള്‍ അതിര്‍ത്തി തര്‍ക്കങ്ങള്‍ക്ക് കാരണമാകില്ലെങ്കിലും, കേരളത്തിന്റെ പ്രദേശം തമിഴ്‌നാട്ടിലെന്ന് കാണിയ്‌ക്കേണ്ട ആവശ്യമില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.