യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും വീട്ടിൽ തന്നെ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു

കാസർകോട്: വീട്ടിൽ പ്രസവിച്ച ആദിവാസി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. കാസർഗോഡ് നീലേശ്വരം അടുകം സർക്കാരി കോളനിയിലെ 35 വയസുകാരിയാണ് വീട്ടിൽ ആൺ കുഞ്ഞിനു ജന്മം നൽകിയത്. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും വീട്ടിൽ തന്നെ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഉടൻ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി.

കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് രാജേഷ് കെ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ജോളി കെ ജോൺ എന്നിവർ സ്ഥലത്തെത്തി. ഉടൻ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ജോളി കെ ജോൺ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. തുടർന്ന് ആംബുലൻസ് പൈലറ്റ് രാജേഷ് ഇരുവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

നൂറ്റാണ്ടുകൾക്കിപ്പുറവും വിളിച്ചുണർത്താൻ കൊട്ടും പാട്ടും ദഫ് മേളവുമായി അവരെത്തും; നോമ്പുകാലത്തെ കാഴ്ച

YouTube video player

അതേസമയം ഈ മാസം ആദ്യം തൃശൂരിലും സമാനമായ സംഭവം ഉണ്ടായിരുന്നു. വീട്ടിൽ പ്രസവിച്ച അതിഥി തൊഴിലാളി യുവതിക്കും കുഞ്ഞിനുമാണ് അന്ന് രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ എത്തിയത്. ബിഹാർ സ്വദേശിനിയും തൃശൂർ ആളൂർ കൊമ്പിടിയിൽ താമസവുമായ സോണികുമാരി (23) ആണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ബുധനാഴ്ച പുലർച്ചെ 5 മണിയോടെയാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ട സോണികുമാരി വീട്ടിൽ തന്നെ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. തുടർന്ന് ഒപ്പമുള്ളവർ വിവരം ആശാ വർക്കറെ അറിയിച്ചു. ആശാ വർക്കറായ ഓമന വിൽസൺ ആണ് കനിവ് 108 ആംബുലൻസിന്റെ സേവനം തേടിയത്. കൺട്രോൾ റൂമിൽ നിന്ന് ഉടൻ അത്യാഹിത സന്ദേശം ചാലക്കുടി താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് ബിജോ ജോർജ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ജിബിൻ ജോയ് എന്നിവർ ഉടൻ സ്ഥലത്തെത്തി പരിചരണം നൽകുകയായിരുന്നു.

പുലര്‍ച്ചെ പ്രസവ വേദന, ഓടിയെത്തി കനിവ് 108 ആംബുലൻസ് ജീവനക്കാർ; പെണ്‍കുഞ്ഞിന് ജന്മം നല്‍കി ബിഹാര്‍ സ്വദേശിനി